Saturday, May 12, 2012


സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍  


1961ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തിന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ  വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് .


ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്നത് കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.  'പൂജ സക്സേന' എന്ന യുവതിക്കും  വീട്ടുകാര്‍ക്കും എതിരെ ഭര്‍തൃവീട്ടുകാര്‍  സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ വിധി പറഞ്ഞത്. ഇത്തരം കേസുകളില്‍ സ്ത്രീധനം കൊടുക്കുന്നവര്‍ കുറ്റവാളികള്‍ ആവുന്നില്ല, പകരം വാങ്ങുന്നവര്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കൂ... അതുകൊണ്ട് തന്നെ അത്തരം  ഭയം നിമിത്തം  കേസ് കൊടുക്കാതിരിക്കേണ്ട കാര്യമില്ല.

എന്‍റെ അഭിപ്രായത്തില്‍ സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം... സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌  മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും...  (പ്രേമ വിവാഹങ്ങളില്‍ പോലും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്ന വിരുതന്‍ കാമുകന്മാരെ കണ്ടിട്ടുണ്ട്. സ്നേഹിച്ച പുരുഷനെ കിട്ടാന്‍ വേണ്ടി അവനും, അവന്‍റെ വീട്ടു കാരും ചോദിക്കുന്നതെന്തും   സ്വന്തം മാതാപിതാക്കളെക്കൊണ്ട് കൊടുപ്പിക്കുന്ന , അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ പോലും കരഞ്ഞും ഉപവാസമിരുന്നും ഒക്കെ   മാതാപിതാക്കളെ സമ്മതിപ്പിക്കുന്ന, പെണ്‍കുട്ടികളും നമ്മുക്കിടയിലുണ്ട് !) 

മകളുടെ നല്ല ഭാവിക്ക് വേണ്ടി രക്ഷിതാക്കള്‍ സ്വമനസാലെ കൊടുക്കുന്നതോ, അതുമല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവകാശപ്രകാരം കിട്ടേണ്ടതായ സ്വത്തുക്കള്‍ വിവാഹ സമയത്ത് കൊടുക്കുന്നതോ തെറ്റല്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ , അതെങ്ങനെ കൊടുക്കണം എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്... അതറിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടായേക്കാം... അവര്‍ക്കുവേണ്ടി ആ നിയമം ഇവിടെ  കൊടുക്കുന്നു. 


സ്ത്രീധന നിരോധന നിയമം


സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ല കുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും  സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ വേണ്ടിയുള്ള കരാറുകള്‍ അസാധുവാണ്. അഥവാ കൊടുത്താല്‍ തന്നെ  അത് ഭര്‍ത്താവോ  ബന്ധുക്കളോ വധുവിന്‍റെ (ഭാര്യയുടെ) പേരിലുള്ള നിക്ഷേപമായി  സൂക്ഷിക്കണം. അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ സ്ത്രീധനത്തുക കൈവശം വന്നതിന് ശേഷം മൂന്ന് മാസത്തിനകം അത് വധുവിന്‍റെ പേരിലേയ്ക്ക് മാറ്റിയിരിക്കണം.

സ്ത്രീധനമെന്നതുകൊണ്ട് ഈ നിയമത്തില്‍ ഉദ്ദേശിക്കുന്നത് -വിവാഹ ബന്ധത്തിലേ‌ര്‍‌പ്പെടുന്ന വധൂവരന്മാരുടെ രക്ഷകര്‍ത്താക്കള്‍ പരസ്പരം നേരിട്ടോ മറ്റൊരാള്‍ മുഖേനയോ, വിവാഹത്തിനു മുന്‍പോ ശേഷമോ, വിവാഹത്തോടനുബന്ധിച്ച് കൊടുക്കുന്നതോ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത ആയ വിലപിടിപ്പുള്ള വസ്തുക്കള്‍, ഉറപ്പുകള്‍ എന്നിവയെയാണ്. എന്നാല്‍ മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള ഇഷ്ടദാനങ്ങള്‍, മെഹറുകള്‍ എന്നിവ ഇതില്‍ ഉള്‍‌പ്പെടുകയില്ല.

വിവാഹത്തിനോ അതിനു ശേഷമോ രക്ഷകര്‍ത്താക്കളോ ബന്ധുക്കളോ സ്വമേധയാ സന്തോഷത്തോടുകൂടി നല്‍കുന്ന പരമ്പരാഗതമായ ഉപഹാരങ്ങള്‍ സ്ത്രീധനത്തില്‍ ഉള്‍‌പ്പെടുന്നില്ല. എന്നാല്‍ ഭാവിയില്‍ അതെചൊല്ലി ഒരു പ്രശ്നമുണ്ടാകാതിരിക്കുവാനായി, വധുവിനും വരനും ലഭിയ്ക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി രണ്ടു പേരുടേയും ഒപ്പുകളോടുകൂടി സൂക്ഷിക്കുവാന്‍ 1985ലെ  സ്ത്രീധന നിരോധന നിയമത്തില്‍ നിര്‍‌ദ്ദേശിച്ചിട്ടുണ്ട്.


ശിക്ഷാനടപടികള്‍

ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം) 498 എ വിഭാഗം- സ്ത്രീധനത്തെ ചൊല്ലിയുള്ള പീഢനത്തിനെതിരെയും , 304 ബി വിഭാഗം-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയും നിലനില്‍ക്കുന്നു. മറ്റൊരു വിഭാഗം 406, ഇത് സ്ത്രീധനപീഢനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്‍ക്കുന്നു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ ഇതില്‍ ഏതാണ് കൂടുതല്‍ ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.

മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്.

സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ  5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിയ്ക്കാവുന്നതാണ്.

ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും, ഒത്തുതീര്‍പ്പുകള്‍‌ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍‌പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഒരു സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.


ആരോട് എവിടെ കുറ്റാരോപണം നടത്താം

ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.

ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ , പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.--------------------------------------------------------------------    പണ്ടു കാലത്ത് പുരുഷന്‍ മാത്രം സമ്പാദിച്ചിരുന്നതുകൊണ്ടാവാം  ഒരു പെണ്‍കുട്ടിയുടെ വിവാഹസമയത്ത് അവളെ ഇനിയുള്ള കാലം പോറ്റാനുള്ള ചിലവിലേക്ക്‌ ഒരു തുകയായോ സ്വര്‍ണ്ണമായോ ഒക്കെ രക്ഷിതാക്കള്‍ കൊടുത്തിരുന്നത്. അതുമല്ലെങ്കില്‍ പണ്ട് പെണ്‍മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമില്ലാതിരുന്നത് കൊണ്ട് അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന അവസരത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ സ്വത്തിന്‍റെ ഒരു ഓഹരി സ്ത്രീധനം എന്ന പേരില്‍ കൊടുത്തിരുന്നതും ആവാം. പക്ഷെ സാഹചര്യങ്ങള്‍  മാറിയാലും, നിയമം മാറിയാലും, ആചാരങ്ങള്‍ മാത്രം അതുപോലെ തന്നെ, ഒരുപക്ഷെ അതിനേക്കാള്‍ തീവ്രതയില്‍ പിന്തുടര്‍ന്ന് പോരുന്നതാണ് ഒരുതരത്തില്‍ നമ്മുടെ നാട്ടിലെ കുഴപ്പം ! ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളിലും സ്ത്രീയും പുരുഷനും ഒരുപോലെ സമ്പാദിക്കുന്നു... ചിലയിടങ്ങളില്‍ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം ഭാര്യയ്ക്കുണ്ട്, എങ്കിലും അവള്‍ക്ക് വിവാഹത്തിന് വീട്ടുകാര്‍ എന്തുകൊടുത്തു എന്നതാണ് എല്ലാവരുടെയും നോട്ടം ! സമൂഹത്തിലെ ഒരു വിഭാഗത്തിന് സ്റ്റാറ്റസ് കാണിക്കാനുള്ള ഒരുപാധിയാണ് സ്ത്രീധനം !! അത്തരക്കാര്‍  കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍  സ്ത്രീധനം 'ഡിമാന്റ്റ്'  ചെയ്തില്ലെങ്കിലും കൊടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്നു... ഇത്തരം ദുരാചാരങ്ങള്‍ ഒന്നും  നിയമം കൊണ്ട് മാത്രം തടുക്കാന്‍ ആവില്ലെന്ന് ഈ നിയമത്തിന്‍റെ പരാജയത്തില്‍ നിന്നും മനസിലാക്കാം... അതിനു സമൂഹം കൂടി മനസു വയ്ക്കണം. കുറഞ്ഞപക്ഷം കൊടുക്കുന്ന സ്വത്തുകള്‍ ഈ നിയമത്തില്‍ പറയും പ്രകാരം കൊടുത്താല്‍ ഭാവിയില്‍ അതിന്‍റെ പേരില്‍ വിഷമിക്കാതിരിക്കുകയെങ്കിലും ചെയ്യാം....  

മേല്‍പറഞ്ഞ നിയമങ്ങള്‍ ഒന്നും പാലിക്കാതെ സ്ത്രീധനം കൊടുത്തു വിവാഹംകഴിപ്പിച്ചു വിട്ട ശേഷം പരസ്പരം പൊരുത്തപ്പെടാന്‍ ആവാതെ  ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സ്ത്രീയുടെ കേസ് ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് മാതാപിതാക്കള്‍ കൊടുത്ത സ്ത്രീധനത്തിന് രേഖകള്‍ ഒന്നും തന്നെ അവര്‍ കൈവശം സൂക്ഷിച്ചിരുന്നില്ല. പക്ഷെ അവരുടെ വിവാഹ ഫോട്ടോകളുടെയും വിശ്വസനീയമായ സാക്ഷിമോഴികളുടെയും അടിസ്ഥാനത്തില്‍ , അവര്‍ക്ക് മാതാപിതാക്കള്‍ വിവാഹ സമയത്ത് കൊടുത്ത സ്വര്‍ണാഭരണങ്ങളുടെ  അന്നത്തെ മൂല്യത്തിനനുസരിച്ചുള്ള വില നല്കാന്‍ കോടതി വിധിയുണ്ടായി... നിയമം അനുസരിക്കാത്തവര്‍ക്ക് പോലും അനുകൂല വിധിയുണ്ടാവുന്നു!  ഇതില്‍ കൂടുതല്‍ എങ്ങനെയാണ് കോടതികള്‍ക്ക് സഹായിക്കാനാവുക!! ഇപ്പോഴും സ്ത്രീധനത്തിന്‍റെ പേരില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ അത് നമ്മുടെ നാട്ടിലെ നിയമങ്ങളുടെ കുറവുകൊണ്ടല്ല, മറിച്ച് അതിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടോ, അറിവുണ്ടായിട്ടും ആ നിയമങ്ങള്‍ അനുസരിക്കാത്തത് കൊണ്ടോ ഒക്കെയാണ്... 


---------------------------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------------------------------           ഈ പോസ്റ്റ് നാളത്തെ കേരളത്തില്‍  പോസ്റ്റ്‌ ചെയ്തിരുന്നു. 
 

Tuesday, September 20, 2011

ചാവേറുകള്‍


സമയം മൂന്നര കഴിഞ്ഞിരിക്കുന്നു....  ഹരിനാരായണന്‍ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു,  മറ്റുള്ളവരെ ഉണര്‍ത്താതെ റെഡിയായി, പുറത്തിറങ്ങാന്‍ വാതില്‍ തുറന്നതും, ആ ദ്രവിച്ച വാതിലിന്‍റെ  'കര കര' ശബ്ദം...
"നേരം വെളുക്കും മുന്‍പേ നീ ഇതെങ്ങടാ ന്‍റെ കുട്ട്യേ "
അമ്മയുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവന്‍ പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. പിന്നൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വേഗത്തില്‍ നടന്നു.

ഹരി നടക്കുകയായിരുന്നുവെങ്കിലും മനസ് ഓടുകയായിരുന്നു.. പിറകിലേക്ക്... 
പൂര്‍വികര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെയെല്ലാം  ഫലം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ ക്ഷയിച്ച  ഇല്ലത്ത് ജനിക്കേണ്ടി വന്നതില്‍  ശപിച്ചു ജീവിച്ച നാളുകള്‍ , കഷ്ടപ്പാടുകള്‍ക്കിടയിലും നല്ല മാര്‍ക്കോടെ MSc പാസ്സായിട്ടും,  ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം...  ലക്ഷങ്ങള്‍ കാണിക്ക വയ്ക്കാന്‍ ഇല്ലാത്തവന് ജോലി എന്നതൊരു സ്വപ്നം മാത്രമെന്ന തിരിച്ചറിവില്‍ , സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തോന്നിയ  മറ്റൊരു ശപിക്കപ്പെട്ട നിമിഷം... അതിനു വേണ്ടി ബാങ്കുകളും ഓഫീസുകളും  കയറിയിറങ്ങി കൈയ്യില്‍ ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെടുത്തിയ നാളുകള്‍ ‌...  ഓര്‍മ്മകള്‍  മനസ്സിലേക്ക് എല്ലാ വൈരാഗ്യവും കൊണ്ടുവന്നു നിറയ്ക്കുന്നത്  ഒരു സുഖത്തോടെ അവനറിഞ്ഞു. വേണം... മനസിനെ കല്ലാക്കണം. ഇന്ന് തന്നെ ഏല്‍പ്പിച്ച ദൌത്യത്തിനു വേണ്ടത് മനുഷ്യത്വം ഇല്ലാത്ത ഒരു ഹരിയെയാണ് .

ആരോടെല്ലാം ആണ് തന്റെ ദേഷ്യം !ഇല്ലായ്മകള്‍ക്കിടയിലും മക്കളെ ഉണ്ടാക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാതിരുന്ന മാതാപിതാക്കളോടോ? പെങ്ങന്മാര്‍ക്ക് വയസ്സറിയിച്ച നാള്‍ മുതല്‍ അവരുടെ വിവാഹം നടത്താത്തതെന്തേ എന്ന് ചോദിച്ചു സ്വൈര്യം കെടുത്തുന്ന ബന്ധുജനങ്ങളോടോ? കൂലിപ്പണി എടുത്തെങ്കിലും കുടുംബം നോക്കാമെന്ന് കരുതിയപ്പോഴും ഉന്നത ജാതിയുടെയും കൈയ്യിലെ സര്‍ട്ടിഫിക്കറ്റുകളുടെയും പേരില്‍ തന്നെ പകച്ചു നോക്കിയ  സമൂഹത്തോടോ? എല്ലാവരോടും ഒരുപോലെ തനിക്കു വെറുപ്പാണെന്നു ഹരിയോര്‍ത്തു. അന്യ നാട്ടില്‍ പോയി രക്ഷപ്പെടാമെന്നു വച്ചാല്‍ അമ്മയെയും പെങ്ങന്മാരെയും ഇതുപോലൊരു നാട്ടില്‍ ഒറ്റയ്ക്കാക്കി പോവാനും വയ്യ ! അച്ഛന്‍  മരിക്കുമ്പോള്‍ തന്‍റെ ചുമലില്‍ വച്ച് തന്നത് കുറെയേറെ ബാധ്യതകള്‍  മാത്രം !

നാട്ടില്‍ ഇപ്പൊ അഴിമതി വിരുദ്ധ സമരം ഒക്കെ വിജയിക്കുന്നു ! എല്ലാം നേരെ ആയേക്കുമോ ! ഹരിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം... ഈ നാട് നന്നായിട്ട് തനിക്കു നല്ലവനായി ജീവിക്കാന്‍ കഴിയുമോ ! എന്തോ... ആ പ്രതീക്ഷയൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു ! പക്ഷെ  സുഗതന്‍ സാറിന്റെ തലേ ദിവസത്തെ ക്ലാസ്സ്‌ പകര്‍ന്നു കൊടുത്ത ആവേശം ഹരിയുടെ മനസ്സില്‍ ഒട്ടും കുറയാതെയുണ്ട്... അതെ, 'പാര്‍ട്ടിക്ക്' മാത്രമേ തന്നെ പോലുള്ളവരെ രക്ഷിക്കാന്‍ ആവൂ... സാര്‍ പറഞ്ഞതാണ് ശരി. മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ... അതിനു മുന്നില്‍  പണമുള്ളവര്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് താനും കണ്ടിട്ടുള്ളതല്ലേ ! കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി സുഗതന്‍ സാറും അനുയായികളും  തനിക്കു തന്ന ശക്തി ചെറുതല്ലെന്നും ഹരിയോര്‍ത്തു...

ആലോചനകള്‍ തന്‍റെ നടത്തത്തെ പതുക്കെയാക്കിയത് അവനറിഞ്ഞു...  പാടില്ല, വൈകരുത്...  ഇന്നത്തെ ദിവസം തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സില്‍ എല്ലാവരോടും ഉള്ള ദേഷ്യം ഒന്ന് കൂടി ശക്തമാക്കി....

ഇല്ല, താന്‍ വൈകിയിട്ടില്ല,  സുധി മാത്രമേ എത്തിയിട്ടുള്ളൂ... തലേന്ന്  പറഞ്ഞുറപ്പിച്ച 'സ്പോട്ടില്‍' സുധി മാത്രം നില്‍ക്കുന്നത് ദൂരെനിന്നും കണ്ടതോടെ ഹരിക്കാശ്വാസമായി. ഹരിയെക്കാള്‍ മുന്‍പേ ഈ ഗ്രൂപ്പില്‍ വന്നുപെട്ടതാണ് സുധി, അവന്റെ ആത്മാര്‍ഥത ഹരിക്ക് ശരിക്കും പ്രചോദനം ആവുന്നുണ്ട്‌. "പെട്ടെന്നാവട്ടെ ആദ്യത്തെ വണ്ടിക്കു തന്നെ പണി കൊടുക്കണം" ഹരി അടുത്തെത്തിയതും സുധി പറഞ്ഞു.  കൈയ്യില്‍ കിട്ടിയതെല്ലാം റോഡില്‍ കൊണ്ട് വയ്ക്കുമ്പോഴേക്കും  മറ്റു കൂട്ടാളികളും എത്തിക്കഴിഞ്ഞിരുന്നു.

നേരം വെളുക്കുന്നതെ ഉള്ളൂ.. ദൂരെനിന്നും വരുന്ന ഏതോ ഒരു ടൂറിസ്റ്റ് ബസ്സിന്റെ ഹെഡ് ലൈറ്റ്....   "ഡാ...., ദേ  വരുന്നുണ്ട് റെഡി ആയിക്കോ" സുധിയുടെ ശബ്ദം ....  തന്നെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കാത്തവരുടെ ഒക്കെ മുഖങ്ങള്‍ ഒരു നിമിഷം ഹരി മനസ്സില്‍ ഓര്‍ത്തു.... റോഡിന്റെ നടുവിലേക്ക് കയറി നിന്ന്  തന്‍റെ നേരെ പാഞ്ഞു വരുന്ന ബസ്സിനു നേരെ സര്‍വ്വ ശക്തിയും എടുത്തു ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ !!![പിറ്റേന്നത്തെ വാര്‍ത്ത - ഹര്‍ത്താലില്‍ അക്രമവും വഴിതടയലും... പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മാത്രമല്ല പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും വഴി തടഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ടുപേരുടെ നില ഗുരുതരം . ] 

  Monday, August 15, 2011

  ഗാര്‍ഹിക പീഡന നിരോധന നിയമം

  ഗാര്‍ഹിക പീഡന നിരോധന നിയമം 2006 ഒക്ടോബറില്‍ നിലവില്‍ വന്നിട്ടും, ഇന്നും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു ! ഈ നിയമത്തെ കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ലെന്നല്ലേ ഇത്തരം വാര്‍ത്തകളില്‍ നിന്നും നാം മനസിലാക്കേണ്ടത് !! ഇനിയും അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍  കഴിയുന്നത്ര ആളുകളെ ഈ നിയമത്തെ കുറിച്ചു ബോധവാന്മാരാക്കുക എന്ന   ലക്ഷ്യത്തോടെ നാളത്തെ കേരളത്തില്‍ ഇതിനെ കുറിച്ച് ഇട്ടിരിക്കുന്ന പോസ്റ്റിന്‍റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 


  കഴിയുന്നത്ര ആളുകളിലേക്ക്‌ ഇതെത്തിക്കാന്‍ എല്ലാ സുഹൃത്തുക്കളുടെയും  സഹായം അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവിടെയുള്ള  കമന്റ്‌ ബോക്സ്‌ വഴി അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.   

  Wednesday, August 10, 2011

  നാളത്തെ കേരളം

  പ്രായഭേദമന്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങള്‍ , ഭ്രൂണഹത്യകള്‍ ,  ശിഥിലമായിക്കൊണ്ടിരിക്കുന്ന  കുടുംബ ബന്ധങ്ങള്‍ , എന്നിങ്ങനെ  ഇന്നത്തെ നമ്മുടെ കേരളത്തിന്‍റെ ശോചനീയ അവസ്ഥ കാണുമ്പോള്‍ ,   ' ഇങ്ങനെ പോയാല്‍ നാളത്തെ കേരളത്തിന്‍റെ അവസ്ഥ എന്താവും '  എന്ന ചോദ്യം നമ്മുടെയെല്ലാം ഉള്ളില്‍ ഉയരുന്നില്ലേ? നമ്മില്‍ പലരും പോസ്റ്റുകളിലൂടെയും, പലയിടത്തും കമന്റ്സിലൂടെയും നമ്മുടെ ആവലാതി ഉറക്കെ പറയാന്‍ ശ്രമിച്ചിട്ടും ഇല്ലേ? പക്ഷെ ഒറ്റയ്ക്കുള്ള  ശ്രമങ്ങള്‍ക്ക് പരിധിയുണ്ട്. കുറെ ചര്‍ച്ചകളും കമന്റ്സും ഒക്കെയായി പല ശ്രമങ്ങളും അവസാനിക്കുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടാവുന്നില്ല ! ഇനി നമുക്കൊരുമിച്ചൊന്ന് ശ്രമിച്ചാലോ?   'പലതുള്ളി പെരുവെള്ളം '   എന്നല്ലേ ...

  സാമൂഹ്യമായി മെച്ചപ്പെട്ട നാളത്തെ കേരളത്തെ കുറച്ചു , കുറെപ്പേര്‍ ഒരുപോലെ ചിന്തിച്ചതില്‍ നിന്നും ഉണ്ടായ ഒരു പുതിയ സംരംഭത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...  ഒരു ബോധവല്‍ക്കരണ സംരംഭം... അതിനായി  പ്രസന്ന ടീച്ചര്‍  (മാവേലികേരളം)  മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ‘നാളത്തെ കേരളം‘ എന്ന പേരില്‍ കൂട്ടായ ഒരു ബ്ലോഗ് തുടങ്ങാനും, അതിന്‍റെ  ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താനും തീരുമാനമായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ...  ഇതു നമുക്കു വേണ്ടി നാം തന്നെ രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. കുറച്ചു പേര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം. ഈ ചെറിയ സംരംഭത്തിന് എല്ലാ ബ്ലോഗേര്‍സിന്റെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു...       ‘നാളത്തെ കേരളത്തിനു‘  വേണ്ടി ഓരോരുത്തരും അവരവര്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു... കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് പോസ്റ്റ്‌ ചെയ്യാം ... ഇതിനു കാരണമായ   ചര്‍ച്ചകളുടേയും  പോസ്റ്റുകളും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു...   1. An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം) 

  [ നാളത്തെ കേരളം എന്ന ബ്ലോഗിനെക്കുറിച്ചും, അതു മെച്ചപ്പെടുത്തുന്നതിലേക്കും, നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ അഭിപ്രായങ്ങള്‍ക്കായി കൊടുത്തിട്ടുള്ള പേജില്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.]

  Sunday, July 3, 2011

  ചില മുഖങ്ങള്‍  സ്വന്തം കുഞ്ഞ്  ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍ DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക,    ഒരു സ്ത്രീയ്ക്ക്  അതില്‍പ്പരം ഒരപമാനമുണ്ടോ! ഞാനാദ്യമായി  നിമ്മിയ്ക്കു  വേണ്ടി  കോടതിയില്‍ ഹാജരാകുമ്പോള്‍ , അവള്‍  അങ്ങനൊരു  അവസ്ഥയിലായിരുന്നു.  അവളുടെ  ഭര്‍ത്താവ്  വിനീഷ്,      DNA   ടെസ്റ്റ്‌     വേണമെന്നും പറഞ്ഞു    കൊടുത്ത    ഹര്‍ജി ,അനുവദിച്ചു കൊണ്ട്  കോടതി  വിധി പറഞ്ഞ  ദിവസം.  

  അത്തരം    സാഹചര്യങ്ങളില്‍,    സ്ത്രീകളെ      നിറ കണ്ണുകളോടെയോതലകുനിച്ചോ  അല്ലാതെ  ഞാനന്നുവരെ   കണ്ടിട്ടില്ലായിരുന്നു. പക്ഷെ... അന്നത്തെ വിധി കേട്ട്, ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന നിമ്മിയുടെ മുഖം  ഇപ്പോഴും  എന്‍റെ മനസിലുണ്ട്.    ആ നില്‍പ്പു  കണ്ടു ഞാനടക്കം അവിടെയുണ്ടായിരുന്ന  പലരും  അതിശയിച്ചു.

  "ആ പെണ്ണിന്‍റെ ഒരു അഹങ്കാരം കണ്ടില്ലേ, ഇത്രയൊക്കെ സംഭവിച്ചിട്ടും വല്ല കുലുക്കവും   ഉണ്ടോന്നു  നോക്കിയേ,   ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാം    തമാശയാണ്.  "   എന്നൊക്കെ    അടുത്തിരുന്ന  വക്കീലന്മാര്‍ നിമ്മിയെകുറിച്ചു   കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.    അതു  കേട്ടപ്പോള്‍ , നിമ്മിയ്ക്കു വേണ്ടി കോടതിയില്‍   ഹാജരായത്   ഞാനാണെന്നതും, എന്‍റെ  അതേ  പ്രായമുള്ള  ആ കുട്ടിയെ  പറയുമ്പോള്‍,    ഞാനടക്കമുള്ള ഒരു തലമുറ മുഴുവനും പഴി  കേള്‍ക്കുന്നല്ലോ, എന്നതുമെല്ലാം എന്നെ അസ്വസ്ഥയാക്കി‌. നിമ്മിയുടെ  ഭാഗത്തുള്ള ന്യായം  അറിയാത്തതിനാല്‍, ആ കുട്ടിയെ അനുകൂലിച്ചു സംസാരിക്കാനും  എനിക്കു തോന്നിയില്ല. 

  കേസ്  ഫയലുകളിലൊക്കെ  കേസിനു  ബലം  കൂട്ടാനുള്ള വക്കീലിന്‍റെഭാവനയുമുണ്ടാവും   എന്നതുകൊണ്ട്,   അതിലെഴുതിയിരിക്കുന്നത് മാത്രംവിശ്വസിക്കാന്‍ എനിയ്ക്കായില്ല. സത്യമറിയാന്‍ ഞാന്‍ പലവട്ടം നിമ്മിയോടു  അതിനെക്കുറിച്ച്  ചോദിച്ചിട്ടുണ്ടെങ്കിലും,      " സീനിയര്‍ വക്കീലിന് എല്ലാം അറിയാം,  ഞാന്‍ പറഞ്ഞിട്ടുണ്ട്. "  എന്നും പറഞ്ഞ് ആ   കുട്ടി  ഒഴിഞ്ഞു  മാറും.  അതു  കാണുമ്പോള്‍  അവള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്ന എന്‍റെ സംശയം  കൂടുകയും  ചെയ്യും. സീനിയര്‍ വക്കീലിനോട്  ചോദിച്ചാല്‍ ,         " ഫയല്‍ പഠിച്ചില്ലേ ? "     എന്ന മറുചോദ്യമാവും ഉത്തരം !  

  വിനീഷിന്‍റെ  സമ്പത്തും  പ്രതാപവും  കണ്ടു  മാത്രമാണ്  നിമ്മിയുടെ വീട്ടുകാര്‍  വിവാഹം  നടത്തിയത്,      ഒരു  ഡിഗ്രി പോലും  ഇല്ലാത്ത വിനീഷിനോടു നിമ്മിക്കു  പുച്ഛമായിരുന്നു,  നിമ്മി  ജോലിക്കു പോകുന്നത് ‍ വിനീഷിനു   ഇഷ്ടമല്ലായിരുന്നിട്ടും   അവള്‍  ജോലിക്കു പോയി,       നിമ്മിയുടെ  ബാല്യകാല സുഹൃത്തുമായി അവള്‍ക്കുള്ള ബന്ധവും, എപ്പോഴും  വരുന്ന അയാളുടെ  ഫോണ്‍ കോളുകളുമാണ് വിനീഷിനെ സംശയാലുവാക്കിയത്,   ജോലിത്തിരക്കുകളുടെ പേരും പറഞ്ഞു  ഒരു ലീവ് എടുക്കാന്‍ പോലും തയ്യാറാവാതിരുന്നതൊക്കെ സംശയം  കൂട്ടുകയും  ചെയ്തു,  അവള്‍  ഗര്‍ഭിണിയായപ്പോള്‍  ആ കുഞ്ഞു തന്‍റെതല്ലെന്നു  ഉറപ്പുള്ളതു കൊണ്ടാണ് നിമ്മിയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിത്,   എന്നിങ്ങനെ, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു വിനീഷ് നിമ്മിയ്ക്കയച്ച വക്കീല്‍ നോട്ടീസില്‍ സ്വാഭാവികമായും നിമ്മിയുടെ ഭാഗത്തുള്ള കുറ്റങ്ങള്‍ മാത്രം..... ഇതിനെയെല്ലാം   ന്യായീകരിച്ചു  കൊണ്ടും,  എല്ലാ    കുറ്റങ്ങളും വിനീഷില്‍ ചാരിയും, നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന കഥകള്‍   വേറെ....... !!  

  ഞാന്‍ കോടതിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴേക്കുംനിമ്മി പോയി കഴിഞ്ഞിരുന്നു, ഞങ്ങളുടെ ഓഫീസിലെ ജൂനിയേഴ്സ് എല്ലാവരും കൂടി നിമ്മിയെക്കുറിച്ചായി സംസാരം...

  "DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നതോടെ നമ്മള്‍ കേസ്  തോല്‍ക്കും, നാണം കെടുത്താന്‍   ഇതുപോലെ  കുറേപ്പേര്‍ വന്നോളും,    ആ കുട്ടിക്ക് സത്യം  പറഞ്ഞുകൂടെ,   എങ്കില്‍  ഈ  ടെസ്റ്റ്‌ ഒക്കെ  ഒഴിവാക്കി  ഒരു  ' മ്യൂച്വല്‍ ഡിവോഴ്സ്  '    ആക്കാമായിരുന്നു,  ഒന്നുമില്ലാതെ അയാളിത്ര ധൈര്യത്തോടെ   ടെസ്റ്റ്‌   വേണമെന്ന്  പറയുമോ ! "  എന്നിങ്ങനെ,  ഓരോരുത്തരും  അവരവരുടെ  അഭിപ്രായങ്ങള്‍ പറഞ്ഞു....

  ഏകദേശം  ഒരു  മാസം കഴിഞ്ഞു. അടുത്ത പോസ്റ്റിങ്ങ്‌ ഡേറ്റിന് നിമ്മി  ഓര്‍ഡര്‍  വാങ്ങാന്‍ വന്നു.  നിമ്മിയോടുള്ള  താല്‍പ്പര്യക്കുറവു കൊണ്ടാവാം,   അവളുടെ  കൂടെ  കോടതിയില്‍ ‍പോവാതിരിക്കാന്‍ ഓരോരോ   കാരണങ്ങള്‍ പറഞ്ഞു മറ്റു ജൂനിയേഴ്സ് ഒഴിഞ്ഞുമാറി. അവസാനം നിവര്‍ത്തിയില്ലാതെ എനിക്കുതന്നെ  നിമ്മിയുടെ കൂടെ പോവേണ്ടി വന്നു.

  ഓഫീസില്‍  ചെന്നപ്പോള്‍ നല്ല  തിരക്ക്.  ക്ലാര്‍ക്ക് കൃഷ്ണേട്ടന്‍ ഒരു അപേക്ഷ പോലെ  " ഒന്നു വെയിറ്റ് ചെയ്യുമോ,  ഈ  തിരക്ക് കഴിഞ്ഞിട്ട് തരാം "  എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ പുറത്തു കാത്തിരിപ്പായി. മറ്റു ചില സെക്ഷനിലെ  ഉദ്യോഗസ്ഥരെ  പോലെ,  ഒരു  ഓര്‍ഡര്‍  എടുത്തു തരാന്‍   കിമ്പളം  ഒന്നും  വാങ്ങാത്തതു  കൊണ്ടു   തന്നെ,   കൃഷ്ണേട്ടന്‍ പറഞ്ഞാല്‍ എത്രനേരം  വേണമെങ്കിലും  കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു മടിയില്ലായിരുന്നു. 

  കാത്തിരിപ്പിലെ   വിരസത  ഒഴിവാക്കാനാണ്   നിമ്മിയോടു  പഠിച്ച വിഷയങ്ങളെ   കുറിച്ചും,    ജോലിയെ  കുറിച്ചും,   ഒക്കെ   ചോദിച്ചത്. പഠിക്കാനുള്ള ഇഷ്ടം...   ചെറിയ ക്ലാസ്സ് മുതലേ ഒന്നാമാതായിരുന്നത്... വാശിയോടെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും,   ക്ലാസ്സില്‍  ഫസ്റ്റ് ആയി   വരുമ്പോള്‍  കൈനിറയെ സമ്മാനങ്ങള്‍  കൊടുക്കുകയും ചെയ്തിരുന്ന അവളുടെ   പ്രിയപ്പെട്ട    മാതാപിതാക്കളെ    കുറിച്ച്...  ഭര്‍ത്താവിന്‍റെ     അടുത്തു നിന്നും കിട്ടാത്ത പ്രോത്സാഹനവും, അംഗീകാരവും, കൊടുത്തിരുന്ന സഹപ്രവര്‍ത്തകരെപ്പറ്റി...  എല്ലാം പറഞ്ഞ്,  ആ  കുട്ടി  പതിവില്ലാതെ  വാചാലയായി... 

  പി ജി കഴിഞ്ഞു  ജോലിക്കപേക്ഷിച്ചു  കാത്തിരുന്ന  നിമ്മിയെ  തേടി വന്നത് ഇന്റര്‍വ്യൂ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ വിവാഹാലോചന കളായിരുന്നു.      സ്വാഭാവികമായും   ജോലിയേക്കാള്‍    വീട്ടുകാരെ ആകര്‍ഷിച്ചതും  ' നല്ലകുടുംബത്തിലെ' വിവാഹാലോചനകള്‍ തന്നെ! വിദ്യാഭ്യാസം നിമ്മിയെ അപേക്ഷിച്ചു കുറവാണെന്നതൊഴിച്ചാല്‍, മറ്റെല്ലാ കാര്യത്തിലും  അവര്‍ക്ക്  ഇഷ്ടമായ  ആലോചനയായിരുന്നു വിനീഷിന്‍റെത്. നാട്ടിലെ പ്രമാണിയായ അച്ഛന്‍റെ രണ്ടു ആണ്‍മക്കളില്‍ ഇളയവന്‍, തറവാട്ടു മഹിമയിലും സമ്പത്തിലും നിമ്മിയെക്കാള്‍ ഏറെ മുന്നില്‍.  സ്വന്തമായി ടൌണില്‍ തുണിക്കടയും, പലചരക്കു കടയും. ഇതൊന്നും കൂടാതെ പത്തില്‍ ഏഴു പൊരുത്തമുള്ള  ജാതകവും !  "ഇത്രയും  നല്ല ഒരു ബന്ധം  ഇനി വരില്ല" എന്നായിരുന്നത്രെ   വീട്ടുകാരുടെ  ന്യായം. ജോലിയെക്കാളും മറ്റെന്തിനെക്കാളും വലുത് വിവാഹമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച മാതാപിതാക്കളോടുള്ള പരാതി അവളുടെ വാക്കുകളിലുണ്ടായിരുന്നു. റാങ്കിനോടടുത്തു മാര്‍ക്കുണ്ടായിരുന്നിട്ടും ,     ഒരുപാടാഗ്രഹിച്ചിട്ടും ജോലിക്കു പോകാതിരുന്നതും വിനീഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.   പക്ഷെ..  പിന്നീട്   സൂപ്പര്‍   മാര്‍ക്കറ്റുകളും,   മാളുകളും ഒക്കെ  അവരുടെ  കച്ചവടത്തിന്   ഭീഷണിയായി. സ്വന്തം ബിസ്സിനസ്സ് തകര്‍ന്നു തുടങ്ങിയതിന്‍റെ ദേഷ്യവും അയാള്‍  അവളില്‍ തീര്‍ക്കാന്‍ തുടങ്ങി. മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു പുതിയ  പല ബിസ്സിനസ്സുകളെ   കുറിച്ചു പറഞ്ഞു നോക്കിയെങ്കിലും, വിനീഷിനു സമ്മതമായിരുന്നില്ല. അവസാനം വിനീഷിന്‍റെ പകുതി സമ്മതത്തോടെയാണ്  അവളൊരു ജോലിക്കു പോയിത്തുടങ്ങിയതും.  പക്ഷെ, തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള, തന്‍റേതായ വ്യക്തിത്വം  ഉള്ള, സ്വന്തമായി സമ്പാദിക്കുന്ന നിമ്മിയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
     
  "കുടുംബത്തിന്‍റെ   ഭാവി  ആലോചിച്ചു  ജോലിക്കു   പോകാമെന്നു സ്വന്തമായി  ഒരു  തീരുമാനമെടുത്തത്  അത്ര  വലിയ  തെറ്റാണോ!  ആ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്നെന്‍റെ  അവസ്ഥ എന്താവുമായിരുന്നു ?" എന്നൊക്കെയുള്ള അവളുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.

  "വിവാഹം കഴിഞ്ഞാല്‍  പഴയ സുഹൃത്തുക്കളെയൊക്കെ  മറക്കണമെന്നാണോ ! അതിന്‍റെ   പേരില്‍   എന്നെ സംശയിച്ച  അയാളുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാന്‍ ആവില്ല,  എനിക്കും കുഞ്ഞിനും അയാളുടെ  ചില്ലിക്കാശു പോലും വേണ്ട,    എന്‍റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ധൈര്യം എനിക്കിന്നുണ്ട്" എന്നൊക്കെ തന്റേടത്തോടെ അവള്‍ പറഞ്ഞെങ്കിലും, "അന്ന് വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഒരിക്കല്‍ പോലും  ഒന്നു  കാണാന്‍ വിനീഷ് ‍  ശ്രമിച്ചിട്ടില്ല "  എന്നു പറയുമ്പോള്‍ , ആദ്യമായി ആ കണ്ണുകള്‍ നിറയുന്നതു  ഞാന്‍ കണ്ടു.   പിന്നെയുള്ള ആ കുട്ടിയുടെ  നീണ്ട മൌനം കണ്ടപ്പോള്‍ , ഒന്നും   ചോദിക്കേണ്ടായിരുന്നു എന്നു പോലും എനിക്ക് തോന്നി.

  ജീവിതത്തില്‍  ആരും  കൂടെയില്ലെങ്കിലും  സ്വന്തം  കാലില്‍ നില്‍ക്കാന്‍ ഒരു   വരുമാനമാര്‍ഗം   ഉണ്ടെങ്കില്‍    ആരും   തളര്‍ന്നു   പോവില്ലെന്നു ഞാനോര്‍‍ത്തു. ഇവിടെ   വരുന്ന  പല   സ്ത്രീകളും    അവര്‍ക്കും കുട്ടികള്‍ക്കും  ജീവിക്കാനുള്ള ചിലവ്, അവരെ  ഉപേക്ഷിച്ചു പോയ ഭര്‍ത്താക്കന്മാരില്‍ നിന്നും വാങ്ങിച്ചെടുക്കാന്‍ വരുന്നവരല്ലേ! അതില്‍ ഭൂരിഭാഗം സ്ത്രീകളും ജോലിയില്ലാത്തവര്‍. വിവാഹമാണ് ജീവിതത്തിലെ    ഏറ്റവും  വലിയ  ലക്ഷ്യം   എന്നു  കരുതി   പഠിത്തം പൂര്‍ത്തിയാക്കാതെയോ,    തീര്‍ന്നയുടനെയോ   ഒക്കെ    പെണ്‍മക്കളെ വിവാഹം  ചെയ്തയക്കുന്ന രക്ഷിതാക്കളെ ഈ കോടതിയില്‍ കൊണ്ട് വന്നു  കാണിക്കണം. ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം  കൊടുത്തു വിവാഹം    കഴിച്ചയച്ചു   ഉത്തരവാദിത്തം     തീര്‍ക്കുന്നതിനു    പകരം അവരെ  സ്വയം   പര്യാപ്തരാക്കുകയാണ്   വേണ്ടതെന്ന   തിരിച്ചറിവ് എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം. തന്‍റെ കുഞ്ഞിനെ വളര്‍ത്താന്‍ ആരുടെ മുന്നിലും കൈ നീട്ടേണ്ട എന്നതാവാം  നിമ്മിയുടെ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ പിന്നെയും എന്തിനാണ് നിമ്മി കേസിനു പിറകെ നടക്കുന്നത് എന്നുമാത്രം എനിക്ക് മനസ്സിലായില്ല. ചിന്തകളും ചോദ്യങ്ങളും ഒക്കെ എന്‍റെ  മനസ്സില്‍ നിറഞ്ഞു ശ്വാസം മുട്ടി.

  "വിനീഷ് കൊടുത്ത ഡിവോഴ്സ് പെറ്റിഷന്‍ നിനക്ക് സമ്മതിച്ചു കൊടുത്തുകൂടെ വെറുതെ ഇങ്ങനെ കേസിനും വഴക്കിനും നടക്കണോ" ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം, ഞാനത് ചോദിച്ചപ്പോഴേക്കുംകൃഷ്ണേട്ടന്‍ ഞങ്ങളെ ഓഫീസിനു അകത്തേക്കു വിളിച്ചു .

  അവിടെ ഓര്‍ഡര്‍ വാങ്ങാന്‍ വിനീഷും നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും ഉള്ള കോടതി ഓര്‍ഡര്‍ തരാനായി ഫയലില്‍ നിന്നും എടുത്ത ശേഷം കൃഷ്ണേട്ടന്‍  ആ കടലാസ്സുകളിലേക്ക്‌  തന്നെ ഒരു നിമിഷം കൂടി  നോക്കിയിട്ട്   എന്നെ   നോക്കി   ചിരിച്ചു.  എന്നിട്ട് അതു രണ്ടും   കൂടി വിനീഷിനു  കൊടുത്തു.  എനിക്കൊന്നും  മനസ്സിലായില്ല എന്തിനാണ് ഞങ്ങള്‍ക്ക്    തരാനുള്ള    പേപ്പര്‍    കൂടി    അയാള്‍ക്കു  കൊടുത്തത് ! എന്തിനാണ്    കൃഷ്ണേട്ടന്‍    ചിരിച്ചത് !     കൈയ്യില്‍  കിട്ടിയ   രണ്ടു പേപ്പറുകളിലേക്കു   നോക്കിയതും    വിനീഷിന്‍റെ  മുഖം വിളറി വെളുക്കുന്നത്‌   കണ്ടതോടെ  എനിക്ക് ആകാംഷയായി.  അതു മനസിലാക്കിയാവും  കൃഷ്ണേട്ടന്‍ വേഗം അതു  രണ്ടും വിനീഷിന്‍റെ കൈയ്യില്‍ നിന്നും  വാങ്ങി  എന്‍റെ നേരെ നീട്ടി. ആ രണ്ടു ഓര്‍ഡറിലും ഒട്ടിച്ചിരിക്കുന്ന   ഫോട്ടോകള്‍   കണ്ടതും ഞാന്‍ അറിയാതെ  നിമ്മിയെ നോക്കിപ്പോയി......   കാര്‍ബണ്‍   കോപ്പി   പോലുള്ള   വിനീഷിന്‍റെയും മകന്‍റെയും  മുഖങ്ങള്‍ !!!

  "ഈ  കുഞ്ഞിന്‍റെ  അച്ഛന്‍  ഇയാളാണെന്ന്    തെളിയിക്കാനാണോ  നിമ്മീ, നിങ്ങള്‍ ഹൈദരാബാദ് വരെ പോകുന്നെ! "എന്‍റെ ആ ചോദ്യം കേട്ടതും അതുവരെ ഷോക്കടിച്ച  പോലെ നിന്നിരുന്ന വിനീഷ് എന്‍റെ കൈയ്യില്‍ നിന്നും അയാള്‍ക്കുള്ള ഓര്‍ഡര്‍ തട്ടിപ്പറിച്ച പോലെ  വാങ്ങിക്കൊണ്ടു പുറത്തേക്കു പോയി....

  ഒരു  പകരം  വീട്ടലിന്‍റെ  സന്തോഷത്തോടെ  നിമ്മി  നില്‍ക്കുമ്പോള്‍ , ഇനിയും വിധി കാത്തു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിലേക്ക്, അവരുടെ ഫയലും കൂടി എടുത്തു വയ്ക്കുകയായിരുന്നു കൃഷ്ണേട്ടന്‍ ...


  Tuesday, May 17, 2011

  ഒരു രാത്രി യാത്ര


                                                          
                                                                    'പെണ്ണിന്‍റെ  രാത്രി യാത്ര  -  ഒരു  ബസ്സനുഭവം ' എന്ന പേരില്‍ 15-5-2011 ല്‍ വര്‍ത്തമാനം   പത്രത്തിന്‍റെ    വാരാന്തപ്പതിപ്പില്‍ പെണ്ണിടം  എന്ന   കോളത്തില്‍   പ്രസിദ്ധീകരിച്ചത്. 


    
             


  ചെറിയ കേസ്സുകളില്‍ കോടതി കമ്മീഷന്‍ ആയി നിയമിക്കുമ്പോള്‍ പൊതുവേ വക്കീലന്മാര്‍ക്ക് സന്തോഷമാണ്. കോടതിക്ക് കണ്ടു ബോധ്യമാവേണ്ട കാര്യങ്ങള്‍,  കോടതിയെ റെപ്രസന്റ്റ് ചെയ്തു നേരിട്ട് പോയി കാണുക എന്ന ഒറ്റ ദിവസത്തെ ജോലിയെ ഉള്ളൂ, റിപ്പോര്‍ട്ട്‌ കൊടുക്കാന്‍  ഒരാഴ്ചയോളം  സമയവും കിട്ടും.  വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഒരു തുക കമ്മീഷന്‍ ബത്ത  കിട്ടുമെന്നതും ഒരു ആശ്വാസമാണ്.

  ആറ്റുനോറ്റിരുന്നു   എനിക്ക്  ആദ്യമായി   കമ്മീഷന്‍ കിട്ടിയത്  ഒരു വെള്ളിയാഴ്ച.  കമ്മീഷന്‍   ഓര്‍ഡര്‍ സൈന്‍ ചെയ്തു, കൈയ്യില്‍ കിട്ടിയപ്പോഴേക്കും  വൈകുന്നേരം ഏകദേശം അഞ്ചുമണി ആയി. വൈകിയതുകൊണ്ട്  ഞാന്‍ ‍ അന്ന്  കമ്മിഷന്‍ പോവണ്ട, അടുത്ത ദിവസം പോയാല്‍ മതി എന്ന് പ്രതി ഭാഗത്തിന്‍റെ വക്കീല്‍  പറഞ്ഞു. അന്ന് പോയില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയെ പോകുവാന്‍ പറ്റുള്ളൂ എന്നും, അപ്പോഴേക്കും ഏതിര്‍കക്ഷി റിപ്പോര്‍ട്ട്‌ അനുകൂലമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ അവിടെ ചെയ്തിരിക്കുമെന്നും, പിന്നെ പോയിട്ട് കാര്യമില്ലെന്നും ഒക്കെ കമ്മീഷന്‍ റിക്വസ്റ്റ് കൊടുത്ത വാദി ഭാഗം വക്കീല്‍ തര്‍ക്കിച്ചു. അത് ശരിയാണെന്നെനിക്കും തോന്നി. പക്ഷെ എതിര്‍ഭാഗം വക്കീല്‍ വീണ്ടും ഒരു ലേഡി കമ്മിഷണര്‍ക്ക് വൈകുന്നേരം  ആയതുകൊണ്ട്    പോവാനുള്ള    ബുദ്ധിമുട്ടുകളും പറഞ്ഞു തര്‍ക്കിച്ചു കൊണ്ടിരുന്നു.  എതിര്‍ഭാഗം അന്ന് കമ്മിഷന്‍ പോവാതിരിക്കാന്‍  ഞാനെന്ന പെണ്ണിനെ കരുവാക്കുകയാണെന്നു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല, മാത്രമല്ല സ്ത്രീ സമത്വം എന്നൊക്കെ സ്ത്രീകള്‍ പ്രസംഗിച്ചു നടന്നിട്ട്,  ഒരു ജോലി ഏല്‍പ്പിച്ചാല്‍ സ്ത്രീയെന്ന പരിഗണന ചോദിക്കുന്നതില്‍ എന്തര്‍ത്ഥം എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി...    ആ ആവേശത്തില്‍  ഇപ്പോള്‍  തന്നെ  പോവാന്‍ തയ്യാറാണെന്നു,   ആരോടും  ചോദിക്കാതെ ഞാന്‍ പറഞ്ഞു .  പിന്നീടു വീട്ടില്‍  വിളിച്ചു വൈകിയേ എത്തൂ എന്ന് പറഞ്ഞപ്പോള്‍  എനിക്കു കേട്ട  വഴക്ക്   മാതാപിതാക്കളുടെ  അതിര്  കവിഞ്ഞ   ആധിയായെ ഞാന്‍  കണ്ടുള്ളു.

  കമ്മീഷന്‍ കഴിഞ്ഞു അവര്‍ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കിയപ്പോള്‍ സമയം ഏഴു മണിയോട് അടുത്തിരുന്നു. ഇരുട്ടായി ഇനി തന്നെ പോവണ്ട, കൊണ്ടുപോയി വിടാമെന്ന് സാറ് പറഞ്ഞുവെങ്കിലും എനിക്ക് സമ്മതമല്ലായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങുകയാണെന്നു പറയാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍, ഒറ്റയ്ക്ക് വരണ്ട അവിടെ തന്നെ നിന്നോളൂ. അവിടെ വന്നു കൊണ്ടുപോരാം, എന്നായി അച്ഛന്‍, എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാന്‍ സ്ഥിരമായി വന്നു പോകുന്ന വഴി, ബസ്സില്‍ പതിനഞ്ചു മിനുറ്റ് മതി വീടെത്താന്‍ ,   ആകെ ആറു സ്റ്റോപ്പ്‌, ഒന്നിരുട്ടു വീണു എന്നുകരുതി എല്ലാവരും എന്തിനാ ഇത്ര പേടിക്കുന്നത്! ഏതായാലും ഇറങ്ങുന്ന സ്റ്റോപ്പില്‍ എങ്കിലും വന്നു നില്‍ക്കുമെന്ന അച്ഛന്‍റെ നിര്‍ബന്ധം സമ്മതിച്ചു കൊടുക്കേണ്ടി വന്നു. 

  ഓഫീസില്‍ നിന്നും ബസ്സ്‌ സ്റ്റോപ്പില്‍ എത്തിയപ്പോഴേ ഏഴര ആയിരുന്നു. സ്റ്റോപ്പിലൊന്നും ഒറ്റ സ്ത്രീകള്‍ ഇല്ല. അഞ്ചു മിനിറ്റിനുള്ളില്‍ ബസ്സ്‌ വന്നു. തിരക്ക് കാരണം ബസ്സില്‍  ഒറ്റക്കാലില്‍ നിന്നും, തൂങ്ങിപ്പിടിച്ചും ഒക്കെ വൈകിട്ട് വീട്ടില്‍ പോവാറുള്ള എനിക്ക് ഒട്ടും തിരക്കില്ലാത്ത ആ ബസ്സ്‌ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു ഒഴിഞ്ഞ ഒരു സീറ്റില്‍, ജനലിനരുകില്‍ പോയിരിക്കുമ്പോള്‍  ആളുകളുടെ പേടിയെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്. പെണ്‍കുട്ടികളെ  ഇങ്ങനെ പൊതിഞ്ഞു വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും! ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു മണിക്ക്  വീട്ടില്‍  തിരിച്ചെത്താന്‍ എന്‍റെത്  ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം,  ഞാനുറപ്പിച്ചു... ഒരു പെണ്ണായിപ്പോയെന്ന  പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി വയ്ക്കേണ്ടിവരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

  സീറ്റില്‍ ചാരി പുറത്തേക്കും നോക്കി ഇരുന്നിരുന്ന എന്‍റെ കഴുത്തില്‍ എന്തോ തട്ടിയപ്പോള്‍  ഷോക്കടിച്ച പോലെ  ഞാന്‍  നേരെ  ഇരുന്നിട്ടു തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നിരുന്ന ആള്‍ ഞാന്‍ ചാരിയിരുന്ന സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്നു. ഒച്ചിഴയും പോലെ പോകുന്ന ബസ്സില്‍ പിടിച്ചിരിക്കെണ്ട ഒരാവശ്യം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വ്വം തൊടാന്‍ വേണ്ടി ചെയ്തതാണോ എന്നൊരു സംശയം  തോന്നാതിരുന്നില്ല. വെറുതെ ഒന്ന് ചുറ്റും  കണ്ണോടിച്ചപ്പോളാണ്  മറ്റു  സ്ത്രീകള്‍ ആരും  ബസ്സില്‍ ഇല്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ കയറുമ്പോള്‍ രണ്ടു മൂന്നു സ്തീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു സ്റ്റോപ്പുകളിലായി അവര്‍ ഇറങ്ങുന്നത് കണ്ടിരുന്നുവെങ്കിലും ചിന്തകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കായെന്ന ബോധം മനസിനെ അലട്ടിയിരുന്നില്ല. 

  സീറ്റില്‍ ചാരാതിരിക്കാന്‍  ബലം പിടിച്ചു മുന്‍പിലെ സീറ്റില്‍ പിടിച്ചു കൊണ്ടു ഞാനിരുന്നു. അപ്പോഴാണ്‌ പുറകിലെവിടെയോ ഇരുന്നിരുന്ന ഒരാള്‍ വേച്ചു  വേച്ച്  മുന്നിലെ  സീറ്റില്‍ വന്നിരുന്നത്. അയാള്‍ കുടിച്ചിട്ടുണ്ടോ എന്ന എന്‍റെ സംശയം മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തിരിഞ്ഞു നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്ന അയാളുടെ കണ്ണുകള്‍  ചുമന്നിരുന്നിരുന്നു. സിഗരറ്റിന്റെയും മദ്യത്തിന്റെയും ഒക്കെ വല്ലാത്ത രൂക്ഷ ഗന്ധം എനിക്കനുഭവപ്പെട്ടു. മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ പിടിച്ചിരുന്ന എന്‍റെ കൈയ്യിലേക്ക് അയാള്‍  ചാരി ഇരിക്കാന്‍ തുടങ്ങിയതും ഞാന്‍ കൈ വലിച്ചു, സൈഡിലെ കമ്പിയില്‍ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍, ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടാവും അയാള്‍ സൈഡിലേക്ക് ചെരിഞ്ഞു കമ്പിയില്‍ ചാരി. തല ചെരിച്ചു, പുറകില്‍ ഇരിക്കുന്ന എന്നെത്തന്നെ  നോക്കി ഇരുപ്പുറപ്പിച്ചു. 'എവിടെയായിരുന്നു ഇത്ര നേരം..., എങ്ങോട്ട് പോകുന്നു...' എന്നൊക്കെയാണ് ആ ചിരിയുടെയും നോട്ടത്തിന്റെയും അര്‍ഥം എന്നെനിക്കു മനസിലായി. 

  അവിടെ നിന്നും എഴുന്നേറ്റു എതിരെ ഉള്ള സീറ്റില്‍ പോയിരുന്നാലോ എന്ന്  ചിന്തിച്ചപ്പോളെക്കും  പുറകില്‍ നിന്നും പെട്ടെന്ന്  ഒരാള്‍ ഞാനിരുന്ന സീറ്റിന്‍റെ സൈഡില്‍ വന്നു ചാരി നില്‍പ്പായി. എനിക്കു എഴുന്നേറ്റു മാറണമെങ്കില്‍ അയാള്‍ മാറിത്തരണം എന്ന അവസ്ഥ.   ഇരിക്കാനും ചാരി നില്‍ക്കാനും മറ്റനേകം സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ ഞാനിരിക്കുന്ന സീറ്റിന്‍റെ സൈഡില്‍ തന്നെ വന്നു ചാരി നില്‍ക്കുന്നു, പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു ഭയം എന്‍റെ  ഉള്ളില്‍  നിറയുന്നത് ഞാന്‍ അറിഞ്ഞു. 

  അവരാരും എന്നോട് അസഭ്യമായി ഒന്നും പറഞ്ഞില്ല. എന്നെ ഉപദ്രവിച്ചു എന്നും പറയാന്‍ ആവില്ല. ആ സ്ഥിതിക്ക് ഇവരിലാരുടെയും നേര്‍ക്ക്‌ ഒച്ച വെക്കാനോ പരാതി പറയാനോ പറ്റില്ലല്ലോ എന്നു ഞാനോര്‍ത്തു.  സ്ഥിരം ഈ റൂട്ടില്‍ ഓടുന്ന ബസ്സിലല്ലേ ഞാന്‍ ഇരിക്കുന്നത് പിന്നെന്തിനു പേടിക്കണം എന്നൊക്കെ ഞാന്‍ ആശ്വസിക്കാന്‍  ശ്രമിച്ചു. സ്ഥിരം വരുന്ന ബസ്സ്‌ അല്ലാത്തത് കൊണ്ടു ഡ്രൈവറെയും കണ്ടക്ടറെയും ഒക്കെ   അറിയില്ലെങ്കിലും അതിലിരിക്കുന്ന യാത്രക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തം കാണുമല്ലോ, ഒരാശ്വാസത്തിന് ഞാന്‍ അവരെ നോക്കി. ലാസ്റ്റ് ട്രിപ്പ്‌ ഓടുന്നതിന്‍റെസന്തോഷത്തിലാണ് അവര്‍. അല്ലെങ്കില്‍ മരണപ്പാച്ചില്‍ പായാറുള്ള അവര്‍ക്ക് ആ അവസാനത്തെ ട്രിപ്പില്‍ ഒരു തിരക്കും ഇല്ല. അന്താരാഷ്‌ട്ര കാര്യങ്ങള്‍ ചര്‍ച്ച  ചെയ്ത് ഉറക്കെ ചിരിച്ചും കൊണ്ടു  ഡ്രൈവറും എതിരെ ഉള്ള സീറ്റില്‍  കണ്ടക്ടറും  കിളിയും ഇരിക്കുന്നു. ഞാന്‍ അലറി വിളിക്കാതെ അവരാരും ശ്രദ്ധിക്കുക പോലും ഇല്ലെന്നു തോന്നി. ഡ്രൈവറാണെങ്കില്‍ വല്ലപ്പോഴുമേ റോഡിലേക്ക് പോലും നോക്കുന്നുള്ളൂ. അതുകണ്ടപ്പോള്‍ അയാള്‍ ബസ്സ് എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നായി എന്‍റെ പേടി.

  വൈകിയത് കൊണ്ടു ഒരു സ്ത്രീ എന്ന പരിഗണനയില്‍ അന്ന് കമ്മീഷന്‍ പോവണ്ട എന്നു ആ വക്കീല്‍ പറഞ്ഞത്, അയാള്‍ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ വരുത്താനാണെന്നെനിക്ക്‌  മനസിലായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞത്  കേള്‍ക്കാമായിരുന്നു എന്നും ഞാന്‍ കാണിച്ചത് സാഹസമായിപ്പോയെന്നും എനിക്ക് തോന്നി. വീട്ടില്‍ കൊണ്ടുപോയി വിടാം എന്നു പറഞ്ഞ സാറിനെയും, വന്നു വിളിച്ചു കൊണ്ടു പോവാം എന്നു   പറഞ്ഞ അച്ഛനെയും അനുസരിക്കാതിരുന്നതിനു ഞാന്‍ എന്നെത്തന്നെ ശപിച്ചു. ഞാന്‍ കാണിച്ച  അഹങ്കാരത്തിനുള്ള ശിക്ഷയാണോ ഇതെന്ന് ഓര്‍ത്ത് പുറത്തേക്കും നോക്കി ഞാനിരുന്നു. ഒന്നും കാണാന്‍ ആവാത്ത വിധം കൂരിരുട്ടായിരുന്നു പുറത്ത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം എട്ടു മണി  ആവാറായിരുന്നു. അല്ലെങ്കില്‍ പതിനഞ്ചു മിനിട്ട് എടുക്കാറുള്ള യാത്ര ഇരുപതു മിനിട്ട് കഴിഞ്ഞിട്ടും തീരുന്നില്ല, ഇനിയും രണ്ടു സ്റൊപ്പും കൂടി.  ആരെങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയെങ്കില്‍ എന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാനിരുന്നുവെങ്കിലും ആരും കയറാനോഇറങ്ങാനോ ഇല്ലാത്തതിനാല്‍ സ്റ്റോപ്പിലോന്നും നിറുത്താതെ ബസ്സ്‌ ഇഴഞ്ഞുകൊണ്ടിരുന്നു. പുറകില്‍ മറ്റാരെങ്കിലും ഇരുപ്പുണ്ടോ എന്നു നോക്കാന്‍ തോന്നിയെങ്കിലും അതു മൂലം എന്‍റെ ഭയം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞാലോ എന്ന ചിന്ത  എന്നെ  അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഞാന്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ കൈയ്യില്‍ എടുത്തു പിടിച്ചു. അതു ചാര്‍ജു തീര്‍ന്നു ഓഫായി പോയതുകൊണ്ട് വീട്ടിലേക്ക് ഓഫീസിലെ ഫോണില്‍ നിന്നും വിളിച്ച കാര്യം അവര്‍ക്കറിയില്ലല്ലോ, ഞാന്‍ ആരെയെങ്കിലും വിളിക്കാനാണ് ഫോണ്‍ എടുത്തതെന്ന് അവര്‍  കരുതിക്കോട്ടെ എന്നായിരുന്നു എന്‍റെ ചിന്ത. എനിക്കിറങ്ങേണ്ട സ്റ്റോപ്പിനു  തൊട്ടു മുന്‍പിലെ സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു. സീറ്റില്‍ ചാരി നിന്നിരുന്ന ആളോടു  ' മാറിത്തരുമോ '  എന്നു  ഞാന്‍  അപേക്ഷിച്ചപ്പോള്‍  ഒരു വല്ലാത്ത നോട്ടത്തോടെ മാറി തന്നുവെങ്കിലും, ഇറങ്ങാനായി സ്റ്റെപ്പിനു അരികില്‍   ഞാന്‍  നില്‍ക്കുബോളും   അയാളുടെ  ശ്വാസം  എന്‍റെ പിറകില്‍ തട്ടും വിധം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അയാളുണ്ടായിരുന്നു. അടക്കാനാവാത്ത   ദേഷ്യം  വന്നപ്പോളും   ഒരു  പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറാന്‍ എന്‍റെ ഉള്ളിലിരുന്നു ആരോ ഉപദേശിക്കും പോലൊരു തോന്നല്‍ .   ദൂരെ നിന്നും  ഇറങ്ങേണ്ട  സ്റ്റോപ്പ്‌  കണ്ടപ്പോഴേ ഞാന്‍ സ്റ്റെപ്പിലേക്കു  ഇറങ്ങി നിന്ന് കഴിഞ്ഞിരുന്നു. സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന അച്ഛന്‍റെ  അരികിലേക്ക് ബസ്സ്  നിറുത്തും    മുന്‍പേ  ചാടി ഇറങ്ങുമ്പോള്‍ വലിയൊരു  ആപത്തില്‍ നിന്നും   തലനാരിഴയ്ക്ക് രക്ഷപെട്ടത് പോലൊരു ആശ്വാസം ആയിരുന്നു മനസ്സില്‍ .  

  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആ അനുഭവത്തിനു ശേഷം രാത്രി  ഒറ്റയ്ക്ക്  യാത്ര  ചെയ്യാനുള്ള  സാഹചര്യങ്ങള്‍  ഞാന്‍ ഒഴിവാക്കുമായിരുന്നു. പക്ഷെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍!വൈകി എത്തുന്നു എന്ന പേരില്‍ ജോലി വേണ്ടെന്നു വയ്ക്കാനോ, സ്വന്തമായി വണ്ടിവാങ്ങി, ബസ്സ്‌, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനോ ഒക്കെ  സാമ്പത്തിക  നില  അനുവദിക്കാത്ത എത്രയോ  പേര്‍ ! അങ്ങിനെ പലരും  നേരിട്ട ദുരന്തങ്ങള്‍ ഇപ്പോഴും  വാര്‍ത്തകള്‍ ആവുമ്പോള്‍ , വര്‍ഷങ്ങള്‍ കഴിയും തോറും നമ്മുടെ നാടിന്റെ അവസ്ഥ മോശമായി വരുന്നുവെന്ന ദയനീയ സത്യം വല്ലാതെ ഭയപ്പെടുത്തുന്നു.

  എന്നെപ്പോലുള്ള സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ സിനിമ കാണണം  എന്നോ  ആരും കുറ്റപ്പെടുത്താത അല്‍പ്പവസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല. പുരുഷന്മാരെ പോലെ തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാനും,  ജോലി  സംബന്ധമായി അല്‍പ്പം വൈകിപ്പോയാല്‍ പേടിക്കാതെയും, മറ്റുള്ളവരെ  ബുദ്ധിമുട്ടിക്കാതെയും വീട്ടില്‍ എത്താനും കഴിയണം. അതിനു ‍പോലും അര്‍ഹരല്ലേ സ്ത്രീകള്‍! അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം   ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും നിരര്‍ഥകം   ആണെന്നു വേദനയോടെ    ഞാന്‍    മനസിലാക്കുന്നു.