Tuesday, September 20, 2011

ചാവേറുകള്‍


സമയം മൂന്നര കഴിഞ്ഞിരിക്കുന്നു....  ഹരിനാരായണന്‍ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു,  മറ്റുള്ളവരെ ഉണര്‍ത്താതെ റെഡിയായി, പുറത്തിറങ്ങാന്‍ വാതില്‍ തുറന്നതും, ആ ദ്രവിച്ച വാതിലിന്‍റെ  'കര കര' ശബ്ദം...
"നേരം വെളുക്കും മുന്‍പേ നീ ഇതെങ്ങടാ ന്‍റെ കുട്ട്യേ "
അമ്മയുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവന്‍ പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. പിന്നൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വേഗത്തില്‍ നടന്നു.

ഹരി നടക്കുകയായിരുന്നുവെങ്കിലും മനസ് ഓടുകയായിരുന്നു.. പിറകിലേക്ക്... 
പൂര്‍വികര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെയെല്ലാം  ഫലം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ ക്ഷയിച്ച  ഇല്ലത്ത് ജനിക്കേണ്ടി വന്നതില്‍  ശപിച്ചു ജീവിച്ച നാളുകള്‍ , കഷ്ടപ്പാടുകള്‍ക്കിടയിലും നല്ല മാര്‍ക്കോടെ MSc പാസ്സായിട്ടും,  ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം...  ലക്ഷങ്ങള്‍ കാണിക്ക വയ്ക്കാന്‍ ഇല്ലാത്തവന് ജോലി എന്നതൊരു സ്വപ്നം മാത്രമെന്ന തിരിച്ചറിവില്‍ , സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തോന്നിയ  മറ്റൊരു ശപിക്കപ്പെട്ട നിമിഷം... അതിനു വേണ്ടി ബാങ്കുകളും ഓഫീസുകളും  കയറിയിറങ്ങി കൈയ്യില്‍ ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെടുത്തിയ നാളുകള്‍ ‌...  ഓര്‍മ്മകള്‍  മനസ്സിലേക്ക് എല്ലാ വൈരാഗ്യവും കൊണ്ടുവന്നു നിറയ്ക്കുന്നത്  ഒരു സുഖത്തോടെ അവനറിഞ്ഞു. വേണം... മനസിനെ കല്ലാക്കണം. ഇന്ന് തന്നെ ഏല്‍പ്പിച്ച ദൌത്യത്തിനു വേണ്ടത് മനുഷ്യത്വം ഇല്ലാത്ത ഒരു ഹരിയെയാണ് .

ആരോടെല്ലാം ആണ് തന്റെ ദേഷ്യം !ഇല്ലായ്മകള്‍ക്കിടയിലും മക്കളെ ഉണ്ടാക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാതിരുന്ന മാതാപിതാക്കളോടോ? പെങ്ങന്മാര്‍ക്ക് വയസ്സറിയിച്ച നാള്‍ മുതല്‍ അവരുടെ വിവാഹം നടത്താത്തതെന്തേ എന്ന് ചോദിച്ചു സ്വൈര്യം കെടുത്തുന്ന ബന്ധുജനങ്ങളോടോ? കൂലിപ്പണി എടുത്തെങ്കിലും കുടുംബം നോക്കാമെന്ന് കരുതിയപ്പോഴും ഉന്നത ജാതിയുടെയും കൈയ്യിലെ സര്‍ട്ടിഫിക്കറ്റുകളുടെയും പേരില്‍ തന്നെ പകച്ചു നോക്കിയ  സമൂഹത്തോടോ? എല്ലാവരോടും ഒരുപോലെ തനിക്കു വെറുപ്പാണെന്നു ഹരിയോര്‍ത്തു. അന്യ നാട്ടില്‍ പോയി രക്ഷപ്പെടാമെന്നു വച്ചാല്‍ അമ്മയെയും പെങ്ങന്മാരെയും ഇതുപോലൊരു നാട്ടില്‍ ഒറ്റയ്ക്കാക്കി പോവാനും വയ്യ ! അച്ഛന്‍  മരിക്കുമ്പോള്‍ തന്‍റെ ചുമലില്‍ വച്ച് തന്നത് കുറെയേറെ ബാധ്യതകള്‍  മാത്രം !

നാട്ടില്‍ ഇപ്പൊ അഴിമതി വിരുദ്ധ സമരം ഒക്കെ വിജയിക്കുന്നു ! എല്ലാം നേരെ ആയേക്കുമോ ! ഹരിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം... ഈ നാട് നന്നായിട്ട് തനിക്കു നല്ലവനായി ജീവിക്കാന്‍ കഴിയുമോ ! എന്തോ... ആ പ്രതീക്ഷയൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു ! പക്ഷെ  സുഗതന്‍ സാറിന്റെ തലേ ദിവസത്തെ ക്ലാസ്സ്‌ പകര്‍ന്നു കൊടുത്ത ആവേശം ഹരിയുടെ മനസ്സില്‍ ഒട്ടും കുറയാതെയുണ്ട്... അതെ, 'പാര്‍ട്ടിക്ക്' മാത്രമേ തന്നെ പോലുള്ളവരെ രക്ഷിക്കാന്‍ ആവൂ... സാര്‍ പറഞ്ഞതാണ് ശരി. മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ... അതിനു മുന്നില്‍  പണമുള്ളവര്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് താനും കണ്ടിട്ടുള്ളതല്ലേ ! കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി സുഗതന്‍ സാറും അനുയായികളും  തനിക്കു തന്ന ശക്തി ചെറുതല്ലെന്നും ഹരിയോര്‍ത്തു...

ആലോചനകള്‍ തന്‍റെ നടത്തത്തെ പതുക്കെയാക്കിയത് അവനറിഞ്ഞു...  പാടില്ല, വൈകരുത്...  ഇന്നത്തെ ദിവസം തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സില്‍ എല്ലാവരോടും ഉള്ള ദേഷ്യം ഒന്ന് കൂടി ശക്തമാക്കി....

ഇല്ല, താന്‍ വൈകിയിട്ടില്ല,  സുധി മാത്രമേ എത്തിയിട്ടുള്ളൂ... തലേന്ന്  പറഞ്ഞുറപ്പിച്ച 'സ്പോട്ടില്‍' സുധി മാത്രം നില്‍ക്കുന്നത് ദൂരെനിന്നും കണ്ടതോടെ ഹരിക്കാശ്വാസമായി. ഹരിയെക്കാള്‍ മുന്‍പേ ഈ ഗ്രൂപ്പില്‍ വന്നുപെട്ടതാണ് സുധി, അവന്റെ ആത്മാര്‍ഥത ഹരിക്ക് ശരിക്കും പ്രചോദനം ആവുന്നുണ്ട്‌. "പെട്ടെന്നാവട്ടെ ആദ്യത്തെ വണ്ടിക്കു തന്നെ പണി കൊടുക്കണം" ഹരി അടുത്തെത്തിയതും സുധി പറഞ്ഞു.  കൈയ്യില്‍ കിട്ടിയതെല്ലാം റോഡില്‍ കൊണ്ട് വയ്ക്കുമ്പോഴേക്കും  മറ്റു കൂട്ടാളികളും എത്തിക്കഴിഞ്ഞിരുന്നു.

നേരം വെളുക്കുന്നതെ ഉള്ളൂ.. ദൂരെനിന്നും വരുന്ന ഏതോ ഒരു ടൂറിസ്റ്റ് ബസ്സിന്റെ ഹെഡ് ലൈറ്റ്....   "ഡാ...., ദേ  വരുന്നുണ്ട് റെഡി ആയിക്കോ" സുധിയുടെ ശബ്ദം ....  തന്നെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കാത്തവരുടെ ഒക്കെ മുഖങ്ങള്‍ ഒരു നിമിഷം ഹരി മനസ്സില്‍ ഓര്‍ത്തു.... റോഡിന്റെ നടുവിലേക്ക് കയറി നിന്ന്  തന്‍റെ നേരെ പാഞ്ഞു വരുന്ന ബസ്സിനു നേരെ സര്‍വ്വ ശക്തിയും എടുത്തു ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ !!!



[പിറ്റേന്നത്തെ വാര്‍ത്ത - ഹര്‍ത്താലില്‍ അക്രമവും വഴിതടയലും... പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മാത്രമല്ല പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും വഴി തടഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ടുപേരുടെ നില ഗുരുതരം . ]