Tuesday, May 17, 2011

ഒരു രാത്രി യാത്ര


                                                        
                           



                                     'പെണ്ണിന്‍റെ  രാത്രി യാത്ര  -  ഒരു  ബസ്സനുഭവം ' എന്ന പേരില്‍ 15-5-2011 ല്‍ വര്‍ത്തമാനം   പത്രത്തിന്‍റെ    വാരാന്തപ്പതിപ്പില്‍ പെണ്ണിടം  എന്ന   കോളത്തില്‍   പ്രസിദ്ധീകരിച്ചത്. 


  
           


ചെറിയ കേസ്സുകളില്‍ കോടതി കമ്മീഷന്‍ ആയി നിയമിക്കുമ്പോള്‍ പൊതുവേ വക്കീലന്മാര്‍ക്ക് സന്തോഷമാണ്. കോടതിക്ക് കണ്ടു ബോധ്യമാവേണ്ട കാര്യങ്ങള്‍,  കോടതിയെ റെപ്രസന്റ്റ് ചെയ്തു നേരിട്ട് പോയി കാണുക എന്ന ഒറ്റ ദിവസത്തെ ജോലിയെ ഉള്ളൂ, റിപ്പോര്‍ട്ട്‌ കൊടുക്കാന്‍  ഒരാഴ്ചയോളം  സമയവും കിട്ടും.  വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഒരു തുക കമ്മീഷന്‍ ബത്ത  കിട്ടുമെന്നതും ഒരു ആശ്വാസമാണ്.

ആറ്റുനോറ്റിരുന്നു   എനിക്ക്  ആദ്യമായി   കമ്മീഷന്‍ കിട്ടിയത്  ഒരു വെള്ളിയാഴ്ച.  കമ്മീഷന്‍   ഓര്‍ഡര്‍ സൈന്‍ ചെയ്തു, കൈയ്യില്‍ കിട്ടിയപ്പോഴേക്കും  വൈകുന്നേരം ഏകദേശം അഞ്ചുമണി ആയി. വൈകിയതുകൊണ്ട്  ഞാന്‍ ‍ അന്ന്  കമ്മിഷന്‍ പോവണ്ട, അടുത്ത ദിവസം പോയാല്‍ മതി എന്ന് പ്രതി ഭാഗത്തിന്‍റെ വക്കീല്‍  പറഞ്ഞു. അന്ന് പോയില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയെ പോകുവാന്‍ പറ്റുള്ളൂ എന്നും, അപ്പോഴേക്കും ഏതിര്‍കക്ഷി റിപ്പോര്‍ട്ട്‌ അനുകൂലമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ അവിടെ ചെയ്തിരിക്കുമെന്നും, പിന്നെ പോയിട്ട് കാര്യമില്ലെന്നും ഒക്കെ കമ്മീഷന്‍ റിക്വസ്റ്റ് കൊടുത്ത വാദി ഭാഗം വക്കീല്‍ തര്‍ക്കിച്ചു. അത് ശരിയാണെന്നെനിക്കും തോന്നി. പക്ഷെ എതിര്‍ഭാഗം വക്കീല്‍ വീണ്ടും ഒരു ലേഡി കമ്മിഷണര്‍ക്ക് വൈകുന്നേരം  ആയതുകൊണ്ട്    പോവാനുള്ള    ബുദ്ധിമുട്ടുകളും പറഞ്ഞു തര്‍ക്കിച്ചു കൊണ്ടിരുന്നു.  എതിര്‍ഭാഗം അന്ന് കമ്മിഷന്‍ പോവാതിരിക്കാന്‍  ഞാനെന്ന പെണ്ണിനെ കരുവാക്കുകയാണെന്നു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല, മാത്രമല്ല സ്ത്രീ സമത്വം എന്നൊക്കെ സ്ത്രീകള്‍ പ്രസംഗിച്ചു നടന്നിട്ട്,  ഒരു ജോലി ഏല്‍പ്പിച്ചാല്‍ സ്ത്രീയെന്ന പരിഗണന ചോദിക്കുന്നതില്‍ എന്തര്‍ത്ഥം എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി...    ആ ആവേശത്തില്‍  ഇപ്പോള്‍  തന്നെ  പോവാന്‍ തയ്യാറാണെന്നു,   ആരോടും  ചോദിക്കാതെ ഞാന്‍ പറഞ്ഞു .  പിന്നീടു വീട്ടില്‍  വിളിച്ചു വൈകിയേ എത്തൂ എന്ന് പറഞ്ഞപ്പോള്‍  എനിക്കു കേട്ട  വഴക്ക്   മാതാപിതാക്കളുടെ  അതിര്  കവിഞ്ഞ   ആധിയായെ ഞാന്‍  കണ്ടുള്ളു.

കമ്മീഷന്‍ കഴിഞ്ഞു അവര്‍ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കിയപ്പോള്‍ സമയം ഏഴു മണിയോട് അടുത്തിരുന്നു. ഇരുട്ടായി ഇനി തന്നെ പോവണ്ട, കൊണ്ടുപോയി വിടാമെന്ന് സാറ് പറഞ്ഞുവെങ്കിലും എനിക്ക് സമ്മതമല്ലായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങുകയാണെന്നു പറയാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍, ഒറ്റയ്ക്ക് വരണ്ട അവിടെ തന്നെ നിന്നോളൂ. അവിടെ വന്നു കൊണ്ടുപോരാം, എന്നായി അച്ഛന്‍, എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാന്‍ സ്ഥിരമായി വന്നു പോകുന്ന വഴി, ബസ്സില്‍ പതിനഞ്ചു മിനുറ്റ് മതി വീടെത്താന്‍ ,   ആകെ ആറു സ്റ്റോപ്പ്‌, ഒന്നിരുട്ടു വീണു എന്നുകരുതി എല്ലാവരും എന്തിനാ ഇത്ര പേടിക്കുന്നത്! ഏതായാലും ഇറങ്ങുന്ന സ്റ്റോപ്പില്‍ എങ്കിലും വന്നു നില്‍ക്കുമെന്ന അച്ഛന്‍റെ നിര്‍ബന്ധം സമ്മതിച്ചു കൊടുക്കേണ്ടി വന്നു. 

ഓഫീസില്‍ നിന്നും ബസ്സ്‌ സ്റ്റോപ്പില്‍ എത്തിയപ്പോഴേ ഏഴര ആയിരുന്നു. സ്റ്റോപ്പിലൊന്നും ഒറ്റ സ്ത്രീകള്‍ ഇല്ല. അഞ്ചു മിനിറ്റിനുള്ളില്‍ ബസ്സ്‌ വന്നു. തിരക്ക് കാരണം ബസ്സില്‍  ഒറ്റക്കാലില്‍ നിന്നും, തൂങ്ങിപ്പിടിച്ചും ഒക്കെ വൈകിട്ട് വീട്ടില്‍ പോവാറുള്ള എനിക്ക് ഒട്ടും തിരക്കില്ലാത്ത ആ ബസ്സ്‌ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു ഒഴിഞ്ഞ ഒരു സീറ്റില്‍, ജനലിനരുകില്‍ പോയിരിക്കുമ്പോള്‍  ആളുകളുടെ പേടിയെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്. പെണ്‍കുട്ടികളെ  ഇങ്ങനെ പൊതിഞ്ഞു വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും! ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു മണിക്ക്  വീട്ടില്‍  തിരിച്ചെത്താന്‍ എന്‍റെത്  ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം,  ഞാനുറപ്പിച്ചു... ഒരു പെണ്ണായിപ്പോയെന്ന  പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി വയ്ക്കേണ്ടിവരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

സീറ്റില്‍ ചാരി പുറത്തേക്കും നോക്കി ഇരുന്നിരുന്ന എന്‍റെ കഴുത്തില്‍ എന്തോ തട്ടിയപ്പോള്‍  ഷോക്കടിച്ച പോലെ  ഞാന്‍  നേരെ  ഇരുന്നിട്ടു തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നിരുന്ന ആള്‍ ഞാന്‍ ചാരിയിരുന്ന സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്നു. ഒച്ചിഴയും പോലെ പോകുന്ന ബസ്സില്‍ പിടിച്ചിരിക്കെണ്ട ഒരാവശ്യം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വ്വം തൊടാന്‍ വേണ്ടി ചെയ്തതാണോ എന്നൊരു സംശയം  തോന്നാതിരുന്നില്ല. വെറുതെ ഒന്ന് ചുറ്റും  കണ്ണോടിച്ചപ്പോളാണ്  മറ്റു  സ്ത്രീകള്‍ ആരും  ബസ്സില്‍ ഇല്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ കയറുമ്പോള്‍ രണ്ടു മൂന്നു സ്തീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു സ്റ്റോപ്പുകളിലായി അവര്‍ ഇറങ്ങുന്നത് കണ്ടിരുന്നുവെങ്കിലും ചിന്തകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കായെന്ന ബോധം മനസിനെ അലട്ടിയിരുന്നില്ല. 

സീറ്റില്‍ ചാരാതിരിക്കാന്‍  ബലം പിടിച്ചു മുന്‍പിലെ സീറ്റില്‍ പിടിച്ചു കൊണ്ടു ഞാനിരുന്നു. അപ്പോഴാണ്‌ പുറകിലെവിടെയോ ഇരുന്നിരുന്ന ഒരാള്‍ വേച്ചു  വേച്ച്  മുന്നിലെ  സീറ്റില്‍ വന്നിരുന്നത്. അയാള്‍ കുടിച്ചിട്ടുണ്ടോ എന്ന എന്‍റെ സംശയം മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തിരിഞ്ഞു നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്ന അയാളുടെ കണ്ണുകള്‍  ചുമന്നിരുന്നിരുന്നു. സിഗരറ്റിന്റെയും മദ്യത്തിന്റെയും ഒക്കെ വല്ലാത്ത രൂക്ഷ ഗന്ധം എനിക്കനുഭവപ്പെട്ടു. മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ പിടിച്ചിരുന്ന എന്‍റെ കൈയ്യിലേക്ക് അയാള്‍  ചാരി ഇരിക്കാന്‍ തുടങ്ങിയതും ഞാന്‍ കൈ വലിച്ചു, സൈഡിലെ കമ്പിയില്‍ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍, ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടാവും അയാള്‍ സൈഡിലേക്ക് ചെരിഞ്ഞു കമ്പിയില്‍ ചാരി. തല ചെരിച്ചു, പുറകില്‍ ഇരിക്കുന്ന എന്നെത്തന്നെ  നോക്കി ഇരുപ്പുറപ്പിച്ചു. 'എവിടെയായിരുന്നു ഇത്ര നേരം..., എങ്ങോട്ട് പോകുന്നു...' എന്നൊക്കെയാണ് ആ ചിരിയുടെയും നോട്ടത്തിന്റെയും അര്‍ഥം എന്നെനിക്കു മനസിലായി. 

അവിടെ നിന്നും എഴുന്നേറ്റു എതിരെ ഉള്ള സീറ്റില്‍ പോയിരുന്നാലോ എന്ന്  ചിന്തിച്ചപ്പോളെക്കും  പുറകില്‍ നിന്നും പെട്ടെന്ന്  ഒരാള്‍ ഞാനിരുന്ന സീറ്റിന്‍റെ സൈഡില്‍ വന്നു ചാരി നില്‍പ്പായി. എനിക്കു എഴുന്നേറ്റു മാറണമെങ്കില്‍ അയാള്‍ മാറിത്തരണം എന്ന അവസ്ഥ.   ഇരിക്കാനും ചാരി നില്‍ക്കാനും മറ്റനേകം സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ ഞാനിരിക്കുന്ന സീറ്റിന്‍റെ സൈഡില്‍ തന്നെ വന്നു ചാരി നില്‍ക്കുന്നു, പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു ഭയം എന്‍റെ  ഉള്ളില്‍  നിറയുന്നത് ഞാന്‍ അറിഞ്ഞു. 

അവരാരും എന്നോട് അസഭ്യമായി ഒന്നും പറഞ്ഞില്ല. എന്നെ ഉപദ്രവിച്ചു എന്നും പറയാന്‍ ആവില്ല. ആ സ്ഥിതിക്ക് ഇവരിലാരുടെയും നേര്‍ക്ക്‌ ഒച്ച വെക്കാനോ പരാതി പറയാനോ പറ്റില്ലല്ലോ എന്നു ഞാനോര്‍ത്തു.  സ്ഥിരം ഈ റൂട്ടില്‍ ഓടുന്ന ബസ്സിലല്ലേ ഞാന്‍ ഇരിക്കുന്നത് പിന്നെന്തിനു പേടിക്കണം എന്നൊക്കെ ഞാന്‍ ആശ്വസിക്കാന്‍  ശ്രമിച്ചു. സ്ഥിരം വരുന്ന ബസ്സ്‌ അല്ലാത്തത് കൊണ്ടു ഡ്രൈവറെയും കണ്ടക്ടറെയും ഒക്കെ   അറിയില്ലെങ്കിലും അതിലിരിക്കുന്ന യാത്രക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തം കാണുമല്ലോ, ഒരാശ്വാസത്തിന് ഞാന്‍ അവരെ നോക്കി. ലാസ്റ്റ് ട്രിപ്പ്‌ ഓടുന്നതിന്‍റെസന്തോഷത്തിലാണ് അവര്‍. അല്ലെങ്കില്‍ മരണപ്പാച്ചില്‍ പായാറുള്ള അവര്‍ക്ക് ആ അവസാനത്തെ ട്രിപ്പില്‍ ഒരു തിരക്കും ഇല്ല. അന്താരാഷ്‌ട്ര കാര്യങ്ങള്‍ ചര്‍ച്ച  ചെയ്ത് ഉറക്കെ ചിരിച്ചും കൊണ്ടു  ഡ്രൈവറും എതിരെ ഉള്ള സീറ്റില്‍  കണ്ടക്ടറും  കിളിയും ഇരിക്കുന്നു. ഞാന്‍ അലറി വിളിക്കാതെ അവരാരും ശ്രദ്ധിക്കുക പോലും ഇല്ലെന്നു തോന്നി. ഡ്രൈവറാണെങ്കില്‍ വല്ലപ്പോഴുമേ റോഡിലേക്ക് പോലും നോക്കുന്നുള്ളൂ. അതുകണ്ടപ്പോള്‍ അയാള്‍ ബസ്സ് എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നായി എന്‍റെ പേടി.

വൈകിയത് കൊണ്ടു ഒരു സ്ത്രീ എന്ന പരിഗണനയില്‍ അന്ന് കമ്മീഷന്‍ പോവണ്ട എന്നു ആ വക്കീല്‍ പറഞ്ഞത്, അയാള്‍ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ വരുത്താനാണെന്നെനിക്ക്‌  മനസിലായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞത്  കേള്‍ക്കാമായിരുന്നു എന്നും ഞാന്‍ കാണിച്ചത് സാഹസമായിപ്പോയെന്നും എനിക്ക് തോന്നി. വീട്ടില്‍ കൊണ്ടുപോയി വിടാം എന്നു പറഞ്ഞ സാറിനെയും, വന്നു വിളിച്ചു കൊണ്ടു പോവാം എന്നു   പറഞ്ഞ അച്ഛനെയും അനുസരിക്കാതിരുന്നതിനു ഞാന്‍ എന്നെത്തന്നെ ശപിച്ചു. ഞാന്‍ കാണിച്ച  അഹങ്കാരത്തിനുള്ള ശിക്ഷയാണോ ഇതെന്ന് ഓര്‍ത്ത് പുറത്തേക്കും നോക്കി ഞാനിരുന്നു. ഒന്നും കാണാന്‍ ആവാത്ത വിധം കൂരിരുട്ടായിരുന്നു പുറത്ത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം എട്ടു മണി  ആവാറായിരുന്നു. അല്ലെങ്കില്‍ പതിനഞ്ചു മിനിട്ട് എടുക്കാറുള്ള യാത്ര ഇരുപതു മിനിട്ട് കഴിഞ്ഞിട്ടും തീരുന്നില്ല, ഇനിയും രണ്ടു സ്റൊപ്പും കൂടി.  ആരെങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയെങ്കില്‍ എന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാനിരുന്നുവെങ്കിലും ആരും കയറാനോഇറങ്ങാനോ ഇല്ലാത്തതിനാല്‍ സ്റ്റോപ്പിലോന്നും നിറുത്താതെ ബസ്സ്‌ ഇഴഞ്ഞുകൊണ്ടിരുന്നു. പുറകില്‍ മറ്റാരെങ്കിലും ഇരുപ്പുണ്ടോ എന്നു നോക്കാന്‍ തോന്നിയെങ്കിലും അതു മൂലം എന്‍റെ ഭയം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞാലോ എന്ന ചിന്ത  എന്നെ  അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഞാന്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ കൈയ്യില്‍ എടുത്തു പിടിച്ചു. അതു ചാര്‍ജു തീര്‍ന്നു ഓഫായി പോയതുകൊണ്ട് വീട്ടിലേക്ക് ഓഫീസിലെ ഫോണില്‍ നിന്നും വിളിച്ച കാര്യം അവര്‍ക്കറിയില്ലല്ലോ, ഞാന്‍ ആരെയെങ്കിലും വിളിക്കാനാണ് ഫോണ്‍ എടുത്തതെന്ന് അവര്‍  കരുതിക്കോട്ടെ എന്നായിരുന്നു എന്‍റെ ചിന്ത. എനിക്കിറങ്ങേണ്ട സ്റ്റോപ്പിനു  തൊട്ടു മുന്‍പിലെ സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു. സീറ്റില്‍ ചാരി നിന്നിരുന്ന ആളോടു  ' മാറിത്തരുമോ '  എന്നു  ഞാന്‍  അപേക്ഷിച്ചപ്പോള്‍  ഒരു വല്ലാത്ത നോട്ടത്തോടെ മാറി തന്നുവെങ്കിലും, ഇറങ്ങാനായി സ്റ്റെപ്പിനു അരികില്‍   ഞാന്‍  നില്‍ക്കുബോളും   അയാളുടെ  ശ്വാസം  എന്‍റെ പിറകില്‍ തട്ടും വിധം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അയാളുണ്ടായിരുന്നു. അടക്കാനാവാത്ത   ദേഷ്യം  വന്നപ്പോളും   ഒരു  പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറാന്‍ എന്‍റെ ഉള്ളിലിരുന്നു ആരോ ഉപദേശിക്കും പോലൊരു തോന്നല്‍ .   ദൂരെ നിന്നും  ഇറങ്ങേണ്ട  സ്റ്റോപ്പ്‌  കണ്ടപ്പോഴേ ഞാന്‍ സ്റ്റെപ്പിലേക്കു  ഇറങ്ങി നിന്ന് കഴിഞ്ഞിരുന്നു. സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന അച്ഛന്‍റെ  അരികിലേക്ക് ബസ്സ്  നിറുത്തും    മുന്‍പേ  ചാടി ഇറങ്ങുമ്പോള്‍ വലിയൊരു  ആപത്തില്‍ നിന്നും   തലനാരിഴയ്ക്ക് രക്ഷപെട്ടത് പോലൊരു ആശ്വാസം ആയിരുന്നു മനസ്സില്‍ .  

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആ അനുഭവത്തിനു ശേഷം രാത്രി  ഒറ്റയ്ക്ക്  യാത്ര  ചെയ്യാനുള്ള  സാഹചര്യങ്ങള്‍  ഞാന്‍ ഒഴിവാക്കുമായിരുന്നു. പക്ഷെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍!വൈകി എത്തുന്നു എന്ന പേരില്‍ ജോലി വേണ്ടെന്നു വയ്ക്കാനോ, സ്വന്തമായി വണ്ടിവാങ്ങി, ബസ്സ്‌, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനോ ഒക്കെ  സാമ്പത്തിക  നില  അനുവദിക്കാത്ത എത്രയോ  പേര്‍ ! അങ്ങിനെ പലരും  നേരിട്ട ദുരന്തങ്ങള്‍ ഇപ്പോഴും  വാര്‍ത്തകള്‍ ആവുമ്പോള്‍ , വര്‍ഷങ്ങള്‍ കഴിയും തോറും നമ്മുടെ നാടിന്റെ അവസ്ഥ മോശമായി വരുന്നുവെന്ന ദയനീയ സത്യം വല്ലാതെ ഭയപ്പെടുത്തുന്നു.

എന്നെപ്പോലുള്ള സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ സിനിമ കാണണം  എന്നോ  ആരും കുറ്റപ്പെടുത്താത അല്‍പ്പവസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല. പുരുഷന്മാരെ പോലെ തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാനും,  ജോലി  സംബന്ധമായി അല്‍പ്പം വൈകിപ്പോയാല്‍ പേടിക്കാതെയും, മറ്റുള്ളവരെ  ബുദ്ധിമുട്ടിക്കാതെയും വീട്ടില്‍ എത്താനും കഴിയണം. അതിനു ‍പോലും അര്‍ഹരല്ലേ സ്ത്രീകള്‍! അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം   ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും നിരര്‍ഥകം   ആണെന്നു വേദനയോടെ    ഞാന്‍    മനസിലാക്കുന്നു.