Thursday, March 10, 2011

ഇങ്ങനെ എത്രയോ കല്യാണിക്കു ട്ടികള്‍...

    
ഓഫീസിലേയ്ക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ  ശ്രദ്ധ തൊട്ടു മുന്‍പിലിരുന്ന സ്ത്രീയിലും അവരുടെ രണ്ടുകുട്ടികളിലും ആയിരുന്നു, ഓമനത്വമുള്ള ആ  മുഖങ്ങളായിരിക്കണം എന്നെ ആകര്‍ഷിച്ചത്. അതില്‍ ഇളയ കുട്ടി സീറ്റില്‍ എഴുന്നേറ്റ് പുറകിലേക്കും നോക്കി കമ്പിയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നു. രണ്ടു വയസ്സോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി, അമ്മയുടെ അതേ ഛായ. അവളെന്നെ നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ പേര് തിരക്കി, "കല്യാണി"    കൊഞ്ചലുള്ള മറുപടി കിട്ടി.എന്തു ഭംഗിയായിട്ടാണ് അവളെ ഒരുക്കിയിരിക്കുന്നത്! പിങ്ക് ഡ്രസ്സ്‌നു  മാച്ചു ചെയ്തു വളകളും സ്ലെയ്ടും എല്ലാം, എന്തിനു പൊട്ടു വരെ  പിങ്ക്! 

ഞാനെന്‍റെ ലക്ഷ്മിക്കുട്ടിയെ ഓര്‍ത്തു. ദൈവമേ... എന്തു വൃത്തികേടായാണ് ഇന്നവള്‍  ഡേ കെയറില്‍ പോയിരിക്കുന്നത്! അതെങ്ങനെയാ, എട്ടരയ്ക്ക് വാന്‍ വരും മുന്‍പ് രണ്ടു  വയസുകാരിയെ എഴുന്നേല്‍പ്പിച്ചു  റെഡിയാക്കി വിടുന്ന കഷ്ട്ടപ്പാട്  എനിക്കല്ലേ  അറിയൂ.  ഇത്ര ചെറുപ്പത്തിലെ ഇഷ്ട്ടമുള്ള ഡ്രെസ്സ് ഇടണംന്നാ വാശി. അതുകൊണ്ടുതന്നെ  മിക്കപ്പോഴും ഒരു മാച്ചും കാണില്ല. ഇന്നുതന്നെ,  മഞ്ഞ  മിഡിയും ചുവന്ന ടോപ്പും ഇട്ടുകൊടുക്കുമ്പോള്‍ ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞു നോക്കി 
"ഒരു ഭംഗിയും ഇല്ല മോളൂ"ന്ന്, ആരു കേള്‍ക്കാന്‍.  "നിന്നെ അച്ഛന്‍ റെഡിയാക്കുമ്പോള്‍ ഈ വാശിയൊന്നും ഇല്ലല്ലോ, എന്നാ പിന്നെ നിന്‍റെ അച്ഛനിതൊക്കെ ഒന്നു  ചെയ്താലെന്താ? " ഞാന്‍ എന്തു മണ്ടത്തരമാണ് പറയുന്നത് എന്ന മട്ടില്‍ അവള്‍ എന്നെയൊന്നു നോക്കി.     "അച്ഛ ഓഫീസില്‍ പോവാന്‍ റെഡി ആവുവല്ലേ" അവള്‍ വേഗം അച്ഛനെ സപ്പോര്‍ട്ട് ചെയ്തു . 'പെണ്‍കുട്ടികള്‍ക്ക് അച്ഛനോടാണ് കൂടുതലിഷ്ട്ടം'  എന്നു  പലരും പറയുന്നത്  എത്ര  ശരിയാ. 

കമ്പിയില്‍ പിടിച്ചു പുറകിലേക്കും നോക്കിക്കൊണ്ട്‌ നിന്നിരുന്ന കല്യാണിയെ അപ്പോളേയ്ക്കും അവളുടെ ഏട്ടന്‍ വഴക്ക് പറഞ്ഞു നേരെയിരുത്തിയിരുന്നു. കല്യാണിയെ അവളുടെ  അച്ഛനായിരിക്കുമോ ഒരുക്കിയത്? "കോടതിപ്പടി" കിളിയുടെ  ഉറക്കെയുള്ള  വിളിയാണ് സ്ഥലകാല  ബോധം ഉണ്ടാക്കിയത്. പിന്നെ ഒന്നും നോക്കാതെ തിക്കിത്തിരക്കി, ഒരുകണക്കിന്  അയ്യാളുടെ  ചീത്ത കേള്‍ക്കും  മുന്‍പ്  ഇറങ്ങി, ഓഫീസിലേയ്ക്കു നടന്നു. 

ഒരു കേസിന്‍റെ ആര്‍ഗ്യുമെന്റ്റ് നോട്ട്സ്സു ഫയല്‍ ചെയ്യാനുള്ളതുകൊണ്ട് അല്‍പ്പം  നേരത്തെ  തന്നെ  ഞാന്‍  കോടതിയിലെത്തി. ഫയല്‍  ചെയ്തു ഇറങ്ങിയപ്പോളുണ്ട്  ബസ്സില്‍ വച്ച്  കണ്ട അമ്മയും  കുട്ടികളും  വരാന്തയില്‍ നില്‍ക്കുന്നു. ദൈവമേ... ഇവരെന്തേ ഇവിടെ?  ഡിവോഴ്സിനായിരിക്കുമോ?ഏയ്... ഇനി ആണെങ്കില്‍ തന്നെ ഒത്തുതീര്‍പ്പായിക്കോളും, ആ കുട്ടികളുടെ മുഖം കണ്ടാല്‍ ആര്‍ക്കാണ് പിരിയാന്‍ കഴിയുക?

എന്‍റെ ആശങ്കയോടെ ഉള്ള നോട്ടം കണ്ടു ബിന്ദു വക്കീല്‍ ചോദിച്ചു. "ഇവരെ  പരിചയമുണ്ടോ?  എന്തേ  ഇങ്ങനെ  നോക്കുന്നത്?"

"ഇവര് ഞാനിന്നു വന്ന ബസ്സില്‍  ഉണ്ടായിരുന്നു. ബിന്ദൂന് അറിയാമോ ഇവരെ? ഏതു ഓഫീസിലെയാ?" എനിക്ക് അറിയാന്‍ ആകാംഷയായി. "ഇവരു നമ്മുടെ കുസുമത്തിന്‍റെ കക്ഷികളാ. ഡിവോഴ്സ് ആയതാ, ഇപ്പോള്‍  ജീവനാംശ കുടിശിക  ഈടാക്കാനുള്ള  കേസ്  നടക്ക്വാ, എല്ലാ മാസവും വരുന്ന കാണാം." പറയുമ്പോള്‍ ബിന്ദൂന്‍റെ മുഖത്ത്‌ സഹതാപം.  

ഞാന്‍ നോക്കിയപ്പോള്‍ കുറച്ചകലെ മാറി നില്‍ക്കുന്ന അച്ഛനെ തന്നെ നോക്കി നില്‍ക്കുകയാണ് കല്യാണിക്കുട്ടി. അയാള്‍ അവിടെനിന്നും അവളെ കൈ കാണിച്ചു വിളിക്കുന്നുണ്ടെങ്കിലും പോകാന്‍ അമ്മ സമ്മതിക്കുന്നില്ല.  അമ്മയുടെ  കൈ  വിടീച്ചു  പോകാനുള്ള കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്പോളുണ്ട് ഏട്ടന്‍ അവളെ വട്ടം പിടിച്ചു നിറുത്തുന്നു. അഞ്ചു വയസ്സ് പോലും കാഴ്ചയില്‍ തോന്നിക്കുന്നില്ലെങ്കിലും അവന്‍റെ ഭാവം കണ്ടാല്‍, അമ്മയുടെയും അനുജത്തിയുടെയും പൂര്‍ണ്ണ  ഉത്തരവാദിത്വം അവനിലാണെന്നു തോന്നും.  സാഹചര്യങ്ങള്‍ ഇത്ര ചെറുപ്പത്തിലെ ആ കുഞ്ഞില്‍ പക്വത വരുത്തിയിരിക്കുന്നു.  

ഞാന്‍  പതുക്കെ  അയാളുടെ  അടുത്തേക്ക്  ചെന്നിട്ടു  ഒച്ച  താഴ്ത്തി ചോദിച്ചു, "നിങ്ങള്‍ക്ക് ഇവരുടെ ചിലവിനുള്ള പൈസ കൃത്യമായിട്ട് അയച്ചു കൊടുത്തുകൂടെ,   സ്വന്തം  കുഞ്ഞുങ്ങള്‍ക്ക്‌   വേണ്ടിയല്ലേ? അതിനു വേണ്ടി  ഇങ്ങനെ  കോടതി  കയറ്റണോ?" 

അയാളുടെ ഉത്തരം വെടിപോട്ടിക്കും പോലെയായിരുന്നു "എന്തറിഞ്ഞിട്ടാ വക്കീലെ നിങ്ങളീ ചോദിക്കുന്നെ? വിധിയായ അന്നു മുതല്‍  കൃത്യമായിട്ടു  ഞാന്‍  പൈസ  അയച്ചോണ്ടിരുന്നതാ. മാസത്തിലൊരിക്കലെങ്കിലും കുട്ടികളെ എന്നെ കാണിക്കണംന്നു കൂടി വിധിയിലുണ്ടായിരുന്നു,  അവളതു  ചെയ്യാത്തോണ്ടല്ലേഎനിക്കിങ്ങനൊരു കടുംകൈ ചെയ്യേണ്ടി വന്നേ ? ഇപ്പൊ കണ്ടില്ലേഎല്ലാ മാസോം പിള്ളേരെ കൊണ്ടുവന്നു കാണിക്കുന്നത്? ആറുമാസംഅവരെ ഒന്നു കാണാന്‍ പോലും പറ്റാതെ ഞാനെത്ര വിഷമിച്ചൂന്നു നിങ്ങള്‍ക്കറിയ്യോ?"  കുറച്ചകലെ നില്‍ക്കുന്ന ആ സ്ത്രീയെക്കൂടികേള്‍പ്പിക്കാനാണ് അയാള്‍ അത്ര ഉറക്കെ പറഞ്ഞതെങ്കിലും ചുറ്റും നിന്നവരൊക്കെ  നോക്കിയപ്പോള്‍  ചമ്മിയതു   ഞാനായിരുന്നു. 'കുഞ്ഞുങ്ങളെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതിരിക്കാന്‍ മാത്രം എന്തു ക്രൂരതയാണ് നിങ്ങളവരുടെ അമ്മയോടു ചെയ്തത്, ഒരു കാരണവും ഇല്ലാതെ ആ സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യോ?' എന്നൊക്കെക്കൂടെ  ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും എനിക്കു ധൈര്യം വന്നില്ല. ഒന്നു ചമ്മിയതിന്‍റെ ക്ഷീണം മാറിയില്ല, ഇനിയുമെന്തിനാ വെറുതെ വടികൊടുത്ത്........................... ഞാന്‍ വേഗം കോടതിക്കകത്തേയ്ക്ക്  നടന്നു.

അകത്തു കയറിയിട്ടും അവരെ കാണാനാവും വിധം സൈഡില്‍ തന്നെയാണു ഞാന്‍ നിന്നത്. അപ്പോളും അച്ഛന്‍റെ അരികിലെത്താന്‍ പാവം കല്യാണിക്കായിട്ടില്ല. "അയാള്‍ക്കു വേണമെങ്കില്‍  ഇപ്പോമുതലേ കുട്ടികളെ കൂടെ നിറുത്താല്ലോ, കേസ് വിളിക്കും വരെ വെയിറ്റ് ചെയ്യേണ്ടകാര്യമൊന്നുമില്ല.  ആ സ്ത്രീ എന്താ കുട്ടികളെ വിടാത്തത്‌."  ആ കുഞ്ഞിന്‍റെ വിഷമം കണ്ടിട്ടാവും ബിന്ദു വക്കീല്‍ എന്നോടായി പറഞ്ഞു. "അത്രയ്ക്ക് സ്നേഹവും പരസ്പര ധാരണയും ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇവിടം വരെ എത്തുമായിരുന്നില്ലല്ലോ ബിന്ദു" അവരെത്തന്നെ നോക്കി ഞാനതു പറയുമ്പോള്‍ ജഡ്ജ്, ജോസ് സര്‍ വന്നതും കോടതി നിശബ്ദമായതും ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഇരിക്കും മുന്‍പു സര്‍ എന്നെയൊന്നു നോക്കിയോ? ഏയ്......  തോന്നിയതാവും.

കേസ്  വിളിച്ചപ്പോള്‍  തിങ്ങി  നിറഞ്ഞ  കോടതിയിലേക്ക്  ആദ്യം അയാള്‍ മാത്രമേ കയറിയുള്ളൂ. 'കുട്ടികളെ കൊണ്ടുവന്നില്ലേ' എന്നു സര്‍ ചോദിച്ചപ്പോളാണ് കുട്ടികളെയും കൊണ്ടു അവരുടെ അമ്മ കൂടി കയറിയത്. സ്ഥലപരിമിതി മൂലം  മനസില്ലാമനസോടെ അവര്‍ക്ക് അടുത്തടുത്ത്‌ നില്‍ക്കേണ്ടിവന്നു. എല്ലാ കണ്ണുകളും അവരിലായി, പുറമേ നിന്നു നോക്കുമ്പോള്‍ എന്തൊരു ചേര്‍ച്ചയാണ് അവര്‍ തമ്മില്‍, വിവാഹത്തിനും  ഈ ചേര്‍ച്ചയും ജാതകപൊരുത്തവും ഒക്കെയാവും നോക്കിയിട്ടുണ്ടാവുക! അയാള്‍ പൈസ  വക്കീലിന്‍റെ കൈയ്യില്‍ കൊടുത്ത്, ബെഞ്ച്‌ ക്ലാര്‍ക്കിനെ കൊണ്ടു നോട്ട് ചെയ്യിപ്പിച്ചു. ചിലര്‍ പൈസ നേരിട്ട് ഭാര്യയെ ഏല്‍പ്പിക്കും ചിലര്‍ക്ക് അതിനുകൂടി മടിയാണ്, ശത്രുക്കളെക്കാള്‍ കഷ്ടം ! 

ഈ സമയം മുഴുവന്‍ അച്ഛനെ അരികില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു  കല്യാണിക്കുട്ടി.  അവള്‍ അച്ഛന്‍റെ ഷര്‍ട്ടില്‍ പിടിച്ചും കൈയ്യില്‍ തൂങ്ങിയും ഒക്കെ അയാളുടെ  ശ്രദ്ധ പിടിച്ചുപറ്റാന്‍ പാടുപെടുന്നുണ്ടായിരുന്നു, കോടതിയ്ക്കകത്താണെന്ന അയാളുടെ ടെന്‍ഷന്‍ വല്ലതും അവള്‍ക്കറിയുമോ? അച്ഛന്‍ നോക്കാതായപ്പോള്‍ അയാളുടെ കൈയ്യിലിരുന്ന കവറിലായി അവളുടെ കളി. "അമ്മേ ദേ പട്ടുപാവാട" അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കോടതി മുഴുവന്‍ അങ്ങോട്ടുതിരിഞ്ഞു. കവറിനകത്തു തനിക്കായി അച്ഛന്‍ കൊണ്ടുവന്ന  പട്ടുപാവാട കണ്ട സന്തോഷത്തില്‍, അവള്‍ അതു വലിച്ചു പുറത്തെടുത്തുകഴിഞ്ഞിരുന്നു.

കേസിന്‍റെ അടുത്ത പോസ്റ്റിംങ്ങ്  ഡേറ്റ് എഴുതുകയായിരുന്ന ജോസ് സര്‍ തലയുയര്‍ത്തി ആ കുഞ്ഞിനെ നോക്കി ഇരുന്നു, ഒരു നിമിഷം സാറും പരിസരം മറന്നുവെന്നു തോന്നി... "കുട്ടികളെ അച്ഛന്‍റെ കൂടെ വിട്ടോളൂ."   അവിടെ ഒരു സീന്‍ ഉണ്ടാവണ്ട എന്നു കരുതിയാവും സര്‍ പെട്ടെന്ന് പറഞ്ഞു. അനുവാദം കിട്ടിയ സന്തോഷത്തില്‍ അച്ഛന്‍ കുട്ടികളെയും കൊണ്ടു വേഗം പുറത്തേക്കു നടന്നു. 

ലഞ്ച് ബ്രേക്കിന് ഇറങ്ങുമ്പോള്‍  ആ അച്ഛനും മക്കളും ചിരിച്ചു കളിച്ചു മുന്‍പിലുള്ള ഒരു ഹോട്ടലിലേക്ക് കയറിപ്പോകുന്നതാണ് കണ്ടത്. ആ അഞ്ചുവയസ്സുകാരന്‍റെ    മുഖത്തു രാവിലെ കണ്ട ഗൌരവമോ പക്വതയോ ഒന്നും കാണാനില്ല. അച്ഛന്‍റെ കൈയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ അവനതിന്‍റെയൊന്നും ആവശ്യമില്ലല്ലോ...

ഉച്ചകഴിഞ്ഞു  കോടതിയിലിരിക്കുംബോളും മനസ്സില്‍ മുഴുവന്‍ കല്യാണിയും അവളുടെ ഏട്ടനുമായിരുന്നു. ബ്രേക്ക്‌ കഴിഞ്ഞു കോടതിയിലേയ്ക്കു  വന്നപ്പോള്‍ അവരെ എങ്ങും കണ്ടില്ലല്ലോ! അടുത്തു വല്ലയിടതും  പോയതായിരിക്കും,   ദൂരെയെങ്ങും പോകാന്‍ അനുവാദമില്ലല്ലോ. 'തിരിച്ചിറങ്ങുമ്പോള്‍ അവരെ കാണല്ലേ' എന്നായിരുന്നു പ്രാര്‍ത്ഥന. ആ കുട്ടികള്‍ അച്ഛനെ പിരിയുന്നതു കാണാനാവില്ല.

പക്ഷെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടില്ല, ഇറങ്ങിയപ്പോള്‍ നേരെ  മുന്‍പില്‍  തന്നെ  അവര്‍ നില്‍ക്കുന്നു..... കല്യാണി അച്ഛന്‍റെ കൈ മുറുകെ പിടിച്ചിരിക്കുന്നു, അതു വിടുവിക്കാന്‍ പാടുപെടുന്നുണ്ട്  അവളുടെ  അമ്മ.  ഏട്ടന്‍ നേരത്തെ തന്നെ അമ്മയുടെ പക്ഷത്തു നിലയുറപ്പിച്ചിട്ടുണ്ട്. അമ്മയുടെ ഉദ്ധ്യമത്തിനു  ഒരു കൈ സഹായിയായും അവനുണ്ട്. പക്ഷെ കല്യാണി  ചിണുങ്ങിക്കൊണ്ടു  അച്ഛന്‍റെ  കൈ വിടാന്‍ തയ്യാറാവാതെ നില്‍ക്കുന്നു....

അതു കാണാതിരിക്കാന്‍  അവരെ പുറകിലാക്കി ഞാന്‍ വേഗം നടന്നു. പക്ഷെ പെട്ടെന്ന്  പുറകില്‍ നിന്നും കല്യാണിക്കുട്ടിയുടെ  ഉറക്കെ ഉറക്കെയുള്ള കരച്ചില്‍ ഉയര്‍ന്നു.......   അവള്‍  അച്ഛന്‍റെ  കൈവിട്ടിരിക്കുന്നു  എന്നു വിളിച്ചറിയിക്കുന്ന കരച്ചില്‍........

അതു കേള്‍ക്കാത്തത്ര ദൂരത്തേയ്ക്കു ഓടി അകലണം എന്നെനിക്കു തോന്നി, അതിനായി ഞാന്‍ ആവുന്നത്ര വേഗത്തില്‍ നടന്നുവെങ്കിലും, ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ പിന്‍തുടരുന്നതായി എനിക്കു തോന്നി...