Tuesday, January 25, 2011

ഒരു ക്ഷമാപണം

ശ്രീ എം എസിന്റെ "ലിപി രെഞ്ചുവിനൊരു മറുപടി" കിട്ടി.

യന്ത്രവല്‍ക്കരണത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ മുദ്രാവാക്യത്തോട് (ലേഖകന്‍ അടിവര ഇട്ടതു) പൂര്‍ണമായും അനുകൂലിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ.... പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കനുസരിച്ച് മാത്രമാണോ ഇന്ന് പാര്‍ട്ടി നേതാക്കളും അണികളും പ്രവര്‍ത്തിക്കുന്നത്? ചെറിയ ചെറിയ ഭ്രംശങ്ങള്‍ മാത്രമാണോ ഇന്ന് പാര്‍ട്ടിയില്‍ നടന്നു കൊണ്ടിരിക്കുന്നത്? നമ്മുടെ നേതാക്കള്‍ക്ക് എന്ത് വൃത്തികേടും കാണിക്കാം... അത് അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണോ മാധ്യമങ്ങള്‍ ചെയ്യുന്ന കുറ്റം? എന്തിനും ഏതിനും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടുന്നത് ഇനിയും നിര്‍ത്താറായില്ലേ???

കമ്യൂണിസത്തിന്‍റെ  എല്ലാ നന്മയും അറിഞ്ഞു വളരാന്‍ സാഹചര്യം കിട്ടിയ ഒരു കുട്ടിക്കാലമായിരുന്നു എന്‍റെത് , അതുകൊണ്ട് തന്നെ ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ തൊഴുത്തില്‍ കുത്ത് കാണുമ്പോള്‍  ലേഖകന്‍റെ ഭാഷയില്‍ "ഓക്കാനം" വരുന്നു എങ്കില്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ? അത് പൈത്രുകം മറന്നതുകൊണ്ടല്ല , ഓര്‍മയുളളതുകൊണ്ട്‌  തന്നെ .....

1500sq.ft. വീട് പണിയാന്‍ 3 വര്‍ഷം എടുത്ത എന്‍റെ അനുഭവം  ഒരു ഒറ്റപ്പെട്ട സംഭവം അല്ല . ഒന്ന് അന്വേഷിച്ചാല്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഒക്കെ ഇതേ   അനുഭവം പറയാനുണ്ടാവും .പണവും സ്വാധീനവും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ആറു മാസം കൊണ്ടും വീട് പണി പൂര്‍ത്തി അക്കാം എന്ന സത്യം മനസ്സിലാക്കിയതുകൊണ്ട് തന്നെ 3000 sq ft വീട് ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ലേഖകന്‍ എന്നെ ഒട്ടും അത്ഭുത പെടുത്തുന്നില്ല . 3000 sq ft വീട് പണിയുന്ന ഒരാള്‍ക്ക് പണം  ഇല്ല എന്ന് പറയാന്‍ കഴിയുമോ? (പണവും സ്വാധീനവും അടയും ചക്കരയും ആണെന്ന് ഓര്‍ക്കുക) പിന്നെ സെക്കന്റുകള്‍കൊണ്ട് ഫ്ലാറ്റുകള്‍ കെട്ടി പൊക്കേണ്ടത് ഒരു അത്യാവശ്യമല്ലായിരിക്കാം. അതുപോലെയാണോ റോഡുകളുടെയും, പാലങ്ങളുടെയും മറ്റു പല വന്‍കിട പദ്ധതികളുടെയും കാര്യം ?

ശ്രീ കൊച്ചൌസേപ്പിന്‍റെ പ്രശ്നം രണ്ടു ദിവസത്തില്‍ കൂടുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്നത് അതിനെ അപ്രസക്തമാക്കുന്നുണ്ടോ? വാര്‍ത്തകള്‍ക്കും പ്രശ്നങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഏതു  പ്രശ്നമാണ് രണ്ടു ദിവസത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ?

കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണഘടനയില്‍ എവിടെ യാണ് പറഞ്ഞിട്ടുള്ളത് എന്ന എന്‍റെ ചോദ്യത്തിന് "ലിപി ഭരണഘടനാ പഠിച്ചിട്ടുണ്ടോ ?" എന്ന മറു ചോദ്യമാണ് ലേഖകന്‍  ചോദിച്ചിട്ടുള്ളത്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായതും 24 ഭാഗങ്ങളിലും  450ല്‍ ഏറെ അനുഛേദങ്ങളിലും , 12 പട്ടികകളിലും ആയി എഴുതപ്പെട്ടിട്ടുള്ളതുമായ ഇന്ത്യന്‍ ഭരണഘടന, ഒരു നിയമ ബിരുദ്ധധാരിണി ആയ  ഞാന്‍ പഠിച്ചിട്ടുണ്ട്  എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. Kerala Headload Workers Act ല്‍ കാലക്രമേണ വന്നിട്ടുള്ള ഭേതഗതികളില്‍ ഏറ്റവും അവസാനത്തെതില്‍ പോലും കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് പറയുന്നില്ല. നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും പഠിച്ചു മെനക്കെടാതെ അന്നന്നത്തെ ആഹാരത്തെ പറ്റി മാത്രം ചിന്തിക്കുന്ന  ഒരുവിഭാഗം ആളുകളും നമ്മുടെ നാട്ടില്‍ ഉണ്ട്. അവരെപ്പോലെ ഉള്ളവരെ ഒരുപക്ഷെ നിങ്ങള്‍ രാഷ്ട്രീയ വാദികള്‍ക്ക് സ്വന്തം ഭാഷാ ശക്തി  കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കും .

"കോണ്ട്രാക്ടര്‍ക്ക് ലാഭമാകണമെന്ന് ലിപിക്ക് എന്താണ് ഇത്ര വാശി? വൈകുന്നേരം ഷെയറ് തരുമോ???? ഫ്ലാറ്റുകാര്‍ വലതുപക്ഷക്കാരും മാന്യരും ആണല്ലോ... ലിപി കളിക്കുന്നവനെ  കാണുകയും കളിപ്പിക്കുന്നവനെ കാണാതെ പോവുകയും ചെയ്യുന്നു... "ഇത്തരം അര്‍ത്ഥ ശൂന്യമായ നിരവധി പരാമര്‍ശങ്ങള്‍ക്ക് മറുപടി ഇനിയും ബാക്കിയാണ്........

അതൊക്കെ പറഞ്ഞു മനസ്സിലാക്കി  ഇവരെയൊക്കെ  കണ്ണ് തുറപ്പിക്കാം  എന്ന വിശ്വാസം നഷ്ടപെട്ടിരിക്കുന്നു ..........

ലേഖകന്‍റെ അറിവിനോടും അനുഭവങ്ങളോടും മത്സരിക്കുക എന്നത് എന്‍റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇനിയും ഇത്തരം രാഷ്ട്രീയ ന്യയീകരണങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഒന്ന് പറഞ്ഞുകൊള്ളട്ടെ. നിങ്ങള്‍ കുറച്ചു ബുദ്ധിജീവികള്‍ ഒഴികെ ബാക്കി പൊതുജനം  മുഴുവന്‍ കഴുതകളാണെന്നും അവര്‍ക്ക് നാടിന്‍റെ ചരിത്രം അറിയില്ലെന്നും കരുതുന്നത് കുറച്ചു കഷ്ട്ടം തന്നെയാണ്......

താന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്നു എന്ന് സമര്‍ത്ഥിക്കുന്ന മിടുക്കന്മാരോട് പ്രതികരിക്കാന്‍ ശ്രമിച്ച എന്‍റെ മണ്ടത്തരത്തിന് എന്നോട് ക്ഷമിക്കൂ..........

Sunday, January 23, 2011

ഒരു പ്രതികരണം

ശ്രീ എം.എസ്.മോഹനന്‍റെ സി ഐ റ്റി യു അക്രമം എന്ന പോസ്റ്റ്‌ വായിച്ചു.... (സി ഐ റ്റി യു അക്രമം)

ഈ ഭൂമിയില്‍ വളരെ കാലം ജീവിച്ചു കൊതി മാറിയ ഒരു കിളവന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. അങ്ങിനെ ഒരു കിളവനു ഇങ്ങനെ ഒക്കെ ധൈര്യമായി എഴുതാം . കാരണം ഇവിടെ ഭാവിയില്‍ എന്ത് സംഭവിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ല .

അത് വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഇത്തരം രാഷ്ട്രീയ വാദികളുടെ മണ്ടത്തരങ്ങളോട്  എന്ത് പ്രതികരിക്കാനാണ് എന്നാണ്. ഉറങ്ങുന്നവരെ അല്ലാതെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ നമുക്കാവില്ലല്ലോ... പക്ഷെ ജീവിതത്തിന്‍റെ   പകുതി പോലും ജീവിച്ചു തീര്‍ന്നിട്ടില്ലാത്ത എന്നെപ്പോലെ ഒരു ശരാശരി മലയാളിക്ക് ഇതിനു എതിരേ പ്രതികരിക്കാതിരിക്കാനും ആവില്ല .

അറുപതുകളിലേയും  എഴുപതുകളിലേയും കഥകള്‍ അവിടെ നില്‍ക്കട്ടെ... അന്നത്തെ അതേ വീക്ഷണ കോണിലൂടെ ഈ 2011 ലും പ്രശ്നങ്ങളെ സമീപിക്കുന്ന ഇത്തരം പുരാവസ്തുക്കളാണ് നമ്മുടെ കേരളത്തിന്‍റെ ശാപം .......

ഇപ്പോളത്തെ പ്രശ്നം  സി ഐ റ്റി യു നു തൊഴില്‍ നിഷേധം എന്നതാണല്ലോ !!! ജോലി ചെയ്യാന്‍ മടിയില്ലാത്ത ഒരു കൂലി പണിയ്ക്കാരന്  കേരളത്തില്‍ തൊഴില്‍ കിട്ടുന്നില്ല  എന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍  ബുദ്ധിമുട്ടുണ്ട്.   കാരണം, സമയത്ത് പണിക്കാരെ കിട്ടാത്തത് കൊണ്ട് മാത്രം വെറും 1500sq.ft. വീട് പണിയാന്‍ മൂന്നു  വര്‍ഷം എടുത്ത അനുഭവമുള്ള നമ്മുടെ നാട്ടില്‍ തൊഴിലാളികളെ മാത്രം വച്ച് ഒരു മെഷിനറിയുംഉപയോഗിക്കാതെ 10ഉം 20ഉം നിലകളുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് ഊഹിക്കാവുന്നതെ ഉള്ളൂ .....

ഒരു സാധാരണ ക്കാരന്‍ തന്‍റെ ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും, തികയാത്തത് ലോണും ഒക്കെ എടുത്തു സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുമ്പോള്‍ വിലങ്ങു തടി ആയി വരുന്നത് ഈ പറയുന്ന ആഗോള വല്‍ക്കരണം ഒന്നും അല്ല. തൊഴില്‍ ഇല്ല എന്ന് മുറവിളി കൂട്ടുന്ന ഒരു വിഭാഗം ആളുകള്‍ ആണ്. സ്വന്തം പറമ്പില്‍ ഒരു ലോഡ് കല്ലോ മണലോ ഇറക്കണം എങ്കില്‍ ഇവരുടെ ഒക്കെ അനുവാദം വേണം . നമ്മള്‍ കോണ്ട്രാക്റ്റ് കൊടുത്ത തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കിക്കാന്‍ ഇവര്‍ സമ്മതിക്കില്ല. ഇനി ഇവരെ  എതിര്‍ത്തു ഇറക്കിയാലോ ? ഈ മഹാന്മാര്‍ക്ക് നോക്ക്  കൂലി കൊടുക്കണം . ഇവിടെ യഥാര്‍ത്ഥത്തില്‍ ആരാണ് തൊഴില്‍ നിഷേധം നടത്തുന്നത്? കാര്‍ഡ്‌ ഇല്ലാത്ത തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണ ഘടന യില്‍ ഇവിടെയാണ് പറഞ്ഞിട്ടുള്ളത് ?

ഇത്തരം ചുമട്ടു തൊഴിലാളി സംഘടനകള്‍ മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റി ഈ മോഹനന്മാര്‍ അറിയാതെപോകുന്നതെന്തുകൊണ്ട്?  മുതലാളി  മാരെ മാത്രമേ ഇവര്‍ കഴുത്തിന്‌ കുത്തി പിടിച്ചു കൂലി വാങ്ങുന്നുള്ളൂ എന്നാണോ ഈ ലേഖകന്‍റെ  വിശ്വാസം ? ആശുപത്രിയില്‍ കിടക്കുന്ന അമ്മയെയും ഫീസ് കൊടുക്കാനാകാത്ത കുഞ്ഞിനേയും പറ്റി വേവലാതി ഉള്ള ഒരു തൊഴിലാളി ചെയ്യേണ്ടത് കിട്ടുന്ന ജോലിആത്മാര്‍ഥമായി ചെയ്യുക എന്നതല്ലേ? അല്ലാതെ മറ്റുള്ളവരുടെ കഴുത്തിന്‌ കുത്തി പ്പിടിച്ചു പൈസ വാങ്ങലാണോ? എങ്കില്‍ അതിനെ  ഗുണ്ടായിസം  എന്നല്ലേ  വിളിക്കേണ്ടത്? തൊഴില്‍ ഇല്ല എന്നും തൊഴില്‍ നിഷേധം നടത്തുന്നു എന്നും ഒക്കെ പരാതി പറയുന്ന ഇവര്‍ മനസ്സിലാക്കുന്നില്ലേതമിഴന്‍ന്‍റെ യും തെലുഗന്‍ ന്‍റെ യും ഒക്കെ  ഗള്‍ഫ്‌ ആയി കേരളം മാറിയത് .

ഇത്തരം ലേഖകര്‍ മുതലാളിമാര്‍ക്ക് എതിരെയും തൊഴിലാളികള്‍ക്ക് തന്നെ അപമാനം ആയ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് അനുകൂലമായും സാഹിത്യത്തിന്‍റെ അകമ്പടിയോടെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഇതിനിടയില്‍ ഇടത്തരക്കാരന്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാന്‍ അവര്‍ക്ക് സമയം എവിടെ ?

ശ്രീ കൊച്ചൌസേപ്പിന് റ്റി വി യിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയാകാന്‍ പറ്റി എന്നതല്ലാതെ ഭാവിയിലും ഇന്നത്തേ പോലെലോഡിറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും തൊഴിലാളികളുമായി ഒരൊത്തുതീര്‍പ്പിനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല എന്നും ഉള്ള ലേഖകന്‍റെ വാക്കുകളിലെ ഭീഷണി എന്താണ് വ്യക്തമാക്കുന്നത്? "കേരളം ഒരിക്കലും നേരെയാവില്ല, നിങ്ങള്‍  വേണമെങ്കില്‍ അന്ന്യ സംസ്ഥാനത്ത് പോയി സ്ഥാപനങ്ങളും ഗോഡൌണുകളും തുടങ്ങിക്കോളൂ" എന്നല്ലേ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ജോലിക്ക്  വേണ്ടി  അന്യനാട്ടില്‍ പോകുന്നതിനു ഉത്തരവാദികള്‍ ഇവരൊക്കെ അല്ല? ഇവിടെ ഒരു പുരോഗതിയും വരരുതെന്ന് വാശി പിടിക്കുന്ന ഇത്തരക്കാരോട് ഒരു ചോദ്യം... കേരളത്തിന്‍റെ ഭാവി കുറേ സി ഐ റ്റി യു കാരും അവരെ താങ്ങുന്ന അധികാരമോഹികളും നിശ്ചയിക്കുംപോലെ ആണോ ???