Sunday, July 3, 2011

ചില മുഖങ്ങള്‍സ്വന്തം കുഞ്ഞ്  ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍ DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക,    ഒരു സ്ത്രീയ്ക്ക്  അതില്‍പ്പരം ഒരപമാനമുണ്ടോ! ഞാനാദ്യമായി  നിമ്മിയ്ക്കു  വേണ്ടി  കോടതിയില്‍ ഹാജരാകുമ്പോള്‍ , അവള്‍  അങ്ങനൊരു  അവസ്ഥയിലായിരുന്നു.  അവളുടെ  ഭര്‍ത്താവ്  വിനീഷ്,      DNA   ടെസ്റ്റ്‌     വേണമെന്നും പറഞ്ഞു    കൊടുത്ത    ഹര്‍ജി ,അനുവദിച്ചു കൊണ്ട്  കോടതി  വിധി പറഞ്ഞ  ദിവസം.  

അത്തരം    സാഹചര്യങ്ങളില്‍,    സ്ത്രീകളെ      നിറ കണ്ണുകളോടെയോതലകുനിച്ചോ  അല്ലാതെ  ഞാനന്നുവരെ   കണ്ടിട്ടില്ലായിരുന്നു. പക്ഷെ... അന്നത്തെ വിധി കേട്ട്, ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന നിമ്മിയുടെ മുഖം  ഇപ്പോഴും  എന്‍റെ മനസിലുണ്ട്.    ആ നില്‍പ്പു  കണ്ടു ഞാനടക്കം അവിടെയുണ്ടായിരുന്ന  പലരും  അതിശയിച്ചു.

"ആ പെണ്ണിന്‍റെ ഒരു അഹങ്കാരം കണ്ടില്ലേ, ഇത്രയൊക്കെ സംഭവിച്ചിട്ടും വല്ല കുലുക്കവും   ഉണ്ടോന്നു  നോക്കിയേ,   ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാം    തമാശയാണ്.  "   എന്നൊക്കെ    അടുത്തിരുന്ന  വക്കീലന്മാര്‍ നിമ്മിയെകുറിച്ചു   കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.    അതു  കേട്ടപ്പോള്‍ , നിമ്മിയ്ക്കു വേണ്ടി കോടതിയില്‍   ഹാജരായത്   ഞാനാണെന്നതും, എന്‍റെ  അതേ  പ്രായമുള്ള  ആ കുട്ടിയെ  പറയുമ്പോള്‍,    ഞാനടക്കമുള്ള ഒരു തലമുറ മുഴുവനും പഴി  കേള്‍ക്കുന്നല്ലോ, എന്നതുമെല്ലാം എന്നെ അസ്വസ്ഥയാക്കി‌. നിമ്മിയുടെ  ഭാഗത്തുള്ള ന്യായം  അറിയാത്തതിനാല്‍, ആ കുട്ടിയെ അനുകൂലിച്ചു സംസാരിക്കാനും  എനിക്കു തോന്നിയില്ല. 

കേസ്  ഫയലുകളിലൊക്കെ  കേസിനു  ബലം  കൂട്ടാനുള്ള വക്കീലിന്‍റെഭാവനയുമുണ്ടാവും   എന്നതുകൊണ്ട്,   അതിലെഴുതിയിരിക്കുന്നത് മാത്രംവിശ്വസിക്കാന്‍ എനിയ്ക്കായില്ല. സത്യമറിയാന്‍ ഞാന്‍ പലവട്ടം നിമ്മിയോടു  അതിനെക്കുറിച്ച്  ചോദിച്ചിട്ടുണ്ടെങ്കിലും,      " സീനിയര്‍ വക്കീലിന് എല്ലാം അറിയാം,  ഞാന്‍ പറഞ്ഞിട്ടുണ്ട്. "  എന്നും പറഞ്ഞ് ആ   കുട്ടി  ഒഴിഞ്ഞു  മാറും.  അതു  കാണുമ്പോള്‍  അവള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്ന എന്‍റെ സംശയം  കൂടുകയും  ചെയ്യും. സീനിയര്‍ വക്കീലിനോട്  ചോദിച്ചാല്‍ ,         " ഫയല്‍ പഠിച്ചില്ലേ ? "     എന്ന മറുചോദ്യമാവും ഉത്തരം !  

വിനീഷിന്‍റെ  സമ്പത്തും  പ്രതാപവും  കണ്ടു  മാത്രമാണ്  നിമ്മിയുടെ വീട്ടുകാര്‍  വിവാഹം  നടത്തിയത്,      ഒരു  ഡിഗ്രി പോലും  ഇല്ലാത്ത വിനീഷിനോടു നിമ്മിക്കു  പുച്ഛമായിരുന്നു,  നിമ്മി  ജോലിക്കു പോകുന്നത് ‍ വിനീഷിനു   ഇഷ്ടമല്ലായിരുന്നിട്ടും   അവള്‍  ജോലിക്കു പോയി,       നിമ്മിയുടെ  ബാല്യകാല സുഹൃത്തുമായി അവള്‍ക്കുള്ള ബന്ധവും, എപ്പോഴും  വരുന്ന അയാളുടെ  ഫോണ്‍ കോളുകളുമാണ് വിനീഷിനെ സംശയാലുവാക്കിയത്,   ജോലിത്തിരക്കുകളുടെ പേരും പറഞ്ഞു  ഒരു ലീവ് എടുക്കാന്‍ പോലും തയ്യാറാവാതിരുന്നതൊക്കെ സംശയം  കൂട്ടുകയും  ചെയ്തു,  അവള്‍  ഗര്‍ഭിണിയായപ്പോള്‍  ആ കുഞ്ഞു തന്‍റെതല്ലെന്നു  ഉറപ്പുള്ളതു കൊണ്ടാണ് നിമ്മിയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിത്,   എന്നിങ്ങനെ, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു വിനീഷ് നിമ്മിയ്ക്കയച്ച വക്കീല്‍ നോട്ടീസില്‍ സ്വാഭാവികമായും നിമ്മിയുടെ ഭാഗത്തുള്ള കുറ്റങ്ങള്‍ മാത്രം..... ഇതിനെയെല്ലാം   ന്യായീകരിച്ചു  കൊണ്ടും,  എല്ലാ    കുറ്റങ്ങളും വിനീഷില്‍ ചാരിയും, നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന കഥകള്‍   വേറെ....... !!  

ഞാന്‍ കോടതിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴേക്കുംനിമ്മി പോയി കഴിഞ്ഞിരുന്നു, ഞങ്ങളുടെ ഓഫീസിലെ ജൂനിയേഴ്സ് എല്ലാവരും കൂടി നിമ്മിയെക്കുറിച്ചായി സംസാരം...

"DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നതോടെ നമ്മള്‍ കേസ്  തോല്‍ക്കും, നാണം കെടുത്താന്‍   ഇതുപോലെ  കുറേപ്പേര്‍ വന്നോളും,    ആ കുട്ടിക്ക് സത്യം  പറഞ്ഞുകൂടെ,   എങ്കില്‍  ഈ  ടെസ്റ്റ്‌ ഒക്കെ  ഒഴിവാക്കി  ഒരു  ' മ്യൂച്വല്‍ ഡിവോഴ്സ്  '    ആക്കാമായിരുന്നു,  ഒന്നുമില്ലാതെ അയാളിത്ര ധൈര്യത്തോടെ   ടെസ്റ്റ്‌   വേണമെന്ന്  പറയുമോ ! "  എന്നിങ്ങനെ,  ഓരോരുത്തരും  അവരവരുടെ  അഭിപ്രായങ്ങള്‍ പറഞ്ഞു....

ഏകദേശം  ഒരു  മാസം കഴിഞ്ഞു. അടുത്ത പോസ്റ്റിങ്ങ്‌ ഡേറ്റിന് നിമ്മി  ഓര്‍ഡര്‍  വാങ്ങാന്‍ വന്നു.  നിമ്മിയോടുള്ള  താല്‍പ്പര്യക്കുറവു കൊണ്ടാവാം,   അവളുടെ  കൂടെ  കോടതിയില്‍ ‍പോവാതിരിക്കാന്‍ ഓരോരോ   കാരണങ്ങള്‍ പറഞ്ഞു മറ്റു ജൂനിയേഴ്സ് ഒഴിഞ്ഞുമാറി. അവസാനം നിവര്‍ത്തിയില്ലാതെ എനിക്കുതന്നെ  നിമ്മിയുടെ കൂടെ പോവേണ്ടി വന്നു.

ഓഫീസില്‍  ചെന്നപ്പോള്‍ നല്ല  തിരക്ക്.  ക്ലാര്‍ക്ക് കൃഷ്ണേട്ടന്‍ ഒരു അപേക്ഷ പോലെ  " ഒന്നു വെയിറ്റ് ചെയ്യുമോ,  ഈ  തിരക്ക് കഴിഞ്ഞിട്ട് തരാം "  എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ പുറത്തു കാത്തിരിപ്പായി. മറ്റു ചില സെക്ഷനിലെ  ഉദ്യോഗസ്ഥരെ  പോലെ,  ഒരു  ഓര്‍ഡര്‍  എടുത്തു തരാന്‍   കിമ്പളം  ഒന്നും  വാങ്ങാത്തതു  കൊണ്ടു   തന്നെ,   കൃഷ്ണേട്ടന്‍ പറഞ്ഞാല്‍ എത്രനേരം  വേണമെങ്കിലും  കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു മടിയില്ലായിരുന്നു. 

കാത്തിരിപ്പിലെ   വിരസത  ഒഴിവാക്കാനാണ്   നിമ്മിയോടു  പഠിച്ച വിഷയങ്ങളെ   കുറിച്ചും,    ജോലിയെ  കുറിച്ചും,   ഒക്കെ   ചോദിച്ചത്. പഠിക്കാനുള്ള ഇഷ്ടം...   ചെറിയ ക്ലാസ്സ് മുതലേ ഒന്നാമാതായിരുന്നത്... വാശിയോടെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും,   ക്ലാസ്സില്‍  ഫസ്റ്റ് ആയി   വരുമ്പോള്‍  കൈനിറയെ സമ്മാനങ്ങള്‍  കൊടുക്കുകയും ചെയ്തിരുന്ന അവളുടെ   പ്രിയപ്പെട്ട    മാതാപിതാക്കളെ    കുറിച്ച്...  ഭര്‍ത്താവിന്‍റെ     അടുത്തു നിന്നും കിട്ടാത്ത പ്രോത്സാഹനവും, അംഗീകാരവും, കൊടുത്തിരുന്ന സഹപ്രവര്‍ത്തകരെപ്പറ്റി...  എല്ലാം പറഞ്ഞ്,  ആ  കുട്ടി  പതിവില്ലാതെ  വാചാലയായി... 

പി ജി കഴിഞ്ഞു  ജോലിക്കപേക്ഷിച്ചു  കാത്തിരുന്ന  നിമ്മിയെ  തേടി വന്നത് ഇന്റര്‍വ്യൂ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ വിവാഹാലോചന കളായിരുന്നു.      സ്വാഭാവികമായും   ജോലിയേക്കാള്‍    വീട്ടുകാരെ ആകര്‍ഷിച്ചതും  ' നല്ലകുടുംബത്തിലെ' വിവാഹാലോചനകള്‍ തന്നെ! വിദ്യാഭ്യാസം നിമ്മിയെ അപേക്ഷിച്ചു കുറവാണെന്നതൊഴിച്ചാല്‍, മറ്റെല്ലാ കാര്യത്തിലും  അവര്‍ക്ക്  ഇഷ്ടമായ  ആലോചനയായിരുന്നു വിനീഷിന്‍റെത്. നാട്ടിലെ പ്രമാണിയായ അച്ഛന്‍റെ രണ്ടു ആണ്‍മക്കളില്‍ ഇളയവന്‍, തറവാട്ടു മഹിമയിലും സമ്പത്തിലും നിമ്മിയെക്കാള്‍ ഏറെ മുന്നില്‍.  സ്വന്തമായി ടൌണില്‍ തുണിക്കടയും, പലചരക്കു കടയും. ഇതൊന്നും കൂടാതെ പത്തില്‍ ഏഴു പൊരുത്തമുള്ള  ജാതകവും !  "ഇത്രയും  നല്ല ഒരു ബന്ധം  ഇനി വരില്ല" എന്നായിരുന്നത്രെ   വീട്ടുകാരുടെ  ന്യായം. ജോലിയെക്കാളും മറ്റെന്തിനെക്കാളും വലുത് വിവാഹമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച മാതാപിതാക്കളോടുള്ള പരാതി അവളുടെ വാക്കുകളിലുണ്ടായിരുന്നു. റാങ്കിനോടടുത്തു മാര്‍ക്കുണ്ടായിരുന്നിട്ടും ,     ഒരുപാടാഗ്രഹിച്ചിട്ടും ജോലിക്കു പോകാതിരുന്നതും വിനീഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.   പക്ഷെ..  പിന്നീട്   സൂപ്പര്‍   മാര്‍ക്കറ്റുകളും,   മാളുകളും ഒക്കെ  അവരുടെ  കച്ചവടത്തിന്   ഭീഷണിയായി. സ്വന്തം ബിസ്സിനസ്സ് തകര്‍ന്നു തുടങ്ങിയതിന്‍റെ ദേഷ്യവും അയാള്‍  അവളില്‍ തീര്‍ക്കാന്‍ തുടങ്ങി. മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു പുതിയ  പല ബിസ്സിനസ്സുകളെ   കുറിച്ചു പറഞ്ഞു നോക്കിയെങ്കിലും, വിനീഷിനു സമ്മതമായിരുന്നില്ല. അവസാനം വിനീഷിന്‍റെ പകുതി സമ്മതത്തോടെയാണ്  അവളൊരു ജോലിക്കു പോയിത്തുടങ്ങിയതും.  പക്ഷെ, തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള, തന്‍റേതായ വ്യക്തിത്വം  ഉള്ള, സ്വന്തമായി സമ്പാദിക്കുന്ന നിമ്മിയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
   
"കുടുംബത്തിന്‍റെ   ഭാവി  ആലോചിച്ചു  ജോലിക്കു   പോകാമെന്നു സ്വന്തമായി  ഒരു  തീരുമാനമെടുത്തത്  അത്ര  വലിയ  തെറ്റാണോ!  ആ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്നെന്‍റെ  അവസ്ഥ എന്താവുമായിരുന്നു ?" എന്നൊക്കെയുള്ള അവളുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.

"വിവാഹം കഴിഞ്ഞാല്‍  പഴയ സുഹൃത്തുക്കളെയൊക്കെ  മറക്കണമെന്നാണോ ! അതിന്‍റെ   പേരില്‍   എന്നെ സംശയിച്ച  അയാളുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാന്‍ ആവില്ല,  എനിക്കും കുഞ്ഞിനും അയാളുടെ  ചില്ലിക്കാശു പോലും വേണ്ട,    എന്‍റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ധൈര്യം എനിക്കിന്നുണ്ട്" എന്നൊക്കെ തന്റേടത്തോടെ അവള്‍ പറഞ്ഞെങ്കിലും, "അന്ന് വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഒരിക്കല്‍ പോലും  ഒന്നു  കാണാന്‍ വിനീഷ് ‍  ശ്രമിച്ചിട്ടില്ല "  എന്നു പറയുമ്പോള്‍ , ആദ്യമായി ആ കണ്ണുകള്‍ നിറയുന്നതു  ഞാന്‍ കണ്ടു.   പിന്നെയുള്ള ആ കുട്ടിയുടെ  നീണ്ട മൌനം കണ്ടപ്പോള്‍ , ഒന്നും   ചോദിക്കേണ്ടായിരുന്നു എന്നു പോലും എനിക്ക് തോന്നി.

ജീവിതത്തില്‍  ആരും  കൂടെയില്ലെങ്കിലും  സ്വന്തം  കാലില്‍ നില്‍ക്കാന്‍ ഒരു   വരുമാനമാര്‍ഗം   ഉണ്ടെങ്കില്‍    ആരും   തളര്‍ന്നു   പോവില്ലെന്നു ഞാനോര്‍‍ത്തു. ഇവിടെ   വരുന്ന  പല   സ്ത്രീകളും    അവര്‍ക്കും കുട്ടികള്‍ക്കും  ജീവിക്കാനുള്ള ചിലവ്, അവരെ  ഉപേക്ഷിച്ചു പോയ ഭര്‍ത്താക്കന്മാരില്‍ നിന്നും വാങ്ങിച്ചെടുക്കാന്‍ വരുന്നവരല്ലേ! അതില്‍ ഭൂരിഭാഗം സ്ത്രീകളും ജോലിയില്ലാത്തവര്‍. വിവാഹമാണ് ജീവിതത്തിലെ    ഏറ്റവും  വലിയ  ലക്ഷ്യം   എന്നു  കരുതി   പഠിത്തം പൂര്‍ത്തിയാക്കാതെയോ,    തീര്‍ന്നയുടനെയോ   ഒക്കെ    പെണ്‍മക്കളെ വിവാഹം  ചെയ്തയക്കുന്ന രക്ഷിതാക്കളെ ഈ കോടതിയില്‍ കൊണ്ട് വന്നു  കാണിക്കണം. ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം  കൊടുത്തു വിവാഹം    കഴിച്ചയച്ചു   ഉത്തരവാദിത്തം     തീര്‍ക്കുന്നതിനു    പകരം അവരെ  സ്വയം   പര്യാപ്തരാക്കുകയാണ്   വേണ്ടതെന്ന   തിരിച്ചറിവ് എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം. തന്‍റെ കുഞ്ഞിനെ വളര്‍ത്താന്‍ ആരുടെ മുന്നിലും കൈ നീട്ടേണ്ട എന്നതാവാം  നിമ്മിയുടെ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ പിന്നെയും എന്തിനാണ് നിമ്മി കേസിനു പിറകെ നടക്കുന്നത് എന്നുമാത്രം എനിക്ക് മനസ്സിലായില്ല. ചിന്തകളും ചോദ്യങ്ങളും ഒക്കെ എന്‍റെ  മനസ്സില്‍ നിറഞ്ഞു ശ്വാസം മുട്ടി.

"വിനീഷ് കൊടുത്ത ഡിവോഴ്സ് പെറ്റിഷന്‍ നിനക്ക് സമ്മതിച്ചു കൊടുത്തുകൂടെ വെറുതെ ഇങ്ങനെ കേസിനും വഴക്കിനും നടക്കണോ" ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം, ഞാനത് ചോദിച്ചപ്പോഴേക്കുംകൃഷ്ണേട്ടന്‍ ഞങ്ങളെ ഓഫീസിനു അകത്തേക്കു വിളിച്ചു .

അവിടെ ഓര്‍ഡര്‍ വാങ്ങാന്‍ വിനീഷും നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും ഉള്ള കോടതി ഓര്‍ഡര്‍ തരാനായി ഫയലില്‍ നിന്നും എടുത്ത ശേഷം കൃഷ്ണേട്ടന്‍  ആ കടലാസ്സുകളിലേക്ക്‌  തന്നെ ഒരു നിമിഷം കൂടി  നോക്കിയിട്ട്   എന്നെ   നോക്കി   ചിരിച്ചു.  എന്നിട്ട് അതു രണ്ടും   കൂടി വിനീഷിനു  കൊടുത്തു.  എനിക്കൊന്നും  മനസ്സിലായില്ല എന്തിനാണ് ഞങ്ങള്‍ക്ക്    തരാനുള്ള    പേപ്പര്‍    കൂടി    അയാള്‍ക്കു  കൊടുത്തത് ! എന്തിനാണ്    കൃഷ്ണേട്ടന്‍    ചിരിച്ചത് !     കൈയ്യില്‍  കിട്ടിയ   രണ്ടു പേപ്പറുകളിലേക്കു   നോക്കിയതും    വിനീഷിന്‍റെ  മുഖം വിളറി വെളുക്കുന്നത്‌   കണ്ടതോടെ  എനിക്ക് ആകാംഷയായി.  അതു മനസിലാക്കിയാവും  കൃഷ്ണേട്ടന്‍ വേഗം അതു  രണ്ടും വിനീഷിന്‍റെ കൈയ്യില്‍ നിന്നും  വാങ്ങി  എന്‍റെ നേരെ നീട്ടി. ആ രണ്ടു ഓര്‍ഡറിലും ഒട്ടിച്ചിരിക്കുന്ന   ഫോട്ടോകള്‍   കണ്ടതും ഞാന്‍ അറിയാതെ  നിമ്മിയെ നോക്കിപ്പോയി......   കാര്‍ബണ്‍   കോപ്പി   പോലുള്ള   വിനീഷിന്‍റെയും മകന്‍റെയും  മുഖങ്ങള്‍ !!!

"ഈ  കുഞ്ഞിന്‍റെ  അച്ഛന്‍  ഇയാളാണെന്ന്    തെളിയിക്കാനാണോ  നിമ്മീ, നിങ്ങള്‍ ഹൈദരാബാദ് വരെ പോകുന്നെ! "എന്‍റെ ആ ചോദ്യം കേട്ടതും അതുവരെ ഷോക്കടിച്ച  പോലെ നിന്നിരുന്ന വിനീഷ് എന്‍റെ കൈയ്യില്‍ നിന്നും അയാള്‍ക്കുള്ള ഓര്‍ഡര്‍ തട്ടിപ്പറിച്ച പോലെ  വാങ്ങിക്കൊണ്ടു പുറത്തേക്കു പോയി....

ഒരു  പകരം  വീട്ടലിന്‍റെ  സന്തോഷത്തോടെ  നിമ്മി  നില്‍ക്കുമ്പോള്‍ , ഇനിയും വിധി കാത്തു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിലേക്ക്, അവരുടെ ഫയലും കൂടി എടുത്തു വയ്ക്കുകയായിരുന്നു കൃഷ്ണേട്ടന്‍ ...