Thursday, April 14, 2011

കള്ളസാക്ഷി

മേലേടത്ത് രാഘവ മേനോന്‍ അഥവാ എം. ആര്‍.മേനോന്‍ എന്ന മേനോന്‍ വക്കീലിനെ കുറിച്ച് 'ഒരു ചൂടന്‍' എന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ നാട്ടില്‍ ഏറ്റവുംകൂടുതല്‍ കേസുള്ള വക്കീലാണെന്ന് അറിഞ്ഞിട്ടും, എന്‍റെ ആദ്യ പ്രാക്ടീസ് അദ്ദേഹത്തിന്‍റെ കീഴില്‍ തുടങ്ങാന്‍ എനിക്കു തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഒരു 'നല്ല ഭാവി'ക്കു വേണ്ടി, എന്ന അച്ഛന്‍റെ നിര്‍ബദ്ധത്തിനു വഴങ്ങിയാണ് ഞാന്‍ മേനോന്‍ വക്കീലിന്‍റെ ജൂനിയര്‍ ആയി പ്രാക്ടീസ് തുടങ്ങിയത്.

എല്‍ എല്‍ ബിയ്ക്ക് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വപ്നം കണ്ടിരുന്ന ആ കറുത്ത ഗൌണ്‍... അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, അതിട്ടു കോടതിയില്‍ പോയിതുടങ്ങിയപ്പോള്‍ എനിക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒക്ക ആയിരുന്നുവെങ്കിലും, അതിനു ആയുസ്സും തീരെ കുറവായിരുന്നു... 

ഒരുപാട് സീനിയൊരിറ്റി ഒക്കെ ഉള്ള വക്കീലന്മാര്‍ പോലും ജൂനിയേഴ്സായുള്ള മേനോന്‍ സാര്‍, കൂടുതലും സിവില്‍ കേസുകള്‍, അഡിഷണല്‍ സബ് കോര്‍ട്ട്, മുന്‍സിഫ്‌ കോര്‍ട്ട്, ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്രെട്ട് കോര്‍ട്ട്, MACT, എന്നിങ്ങനെ എല്ലാ കോടതികളും ഒരു കെട്ടിടത്തില്‍. ഏറ്റവും കൂടുതല്‍ കേസുള്ള കോടതിയില്‍ പോവാനും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫയലുകള്‍ പ്രതിനിധാനം ചെയ്യാനും മത്സരിക്കുന്ന ജൂനിയേഴ്സ്, അവര്‍ക്കിടയില്‍  'ഞാനിന്നു പോവുന്ന കോടതിയില്‍ ഫയല്‍ ഒന്നും ഉണ്ടാവല്ലേ... ഉണ്ടെങ്കില്‍ തന്നെ എന്നെ ഏല്പ്പിക്കല്ലേ...' എന്ന് പ്രാര്‍ത്ഥിക്കുന്ന  ഞാന്‍... ഓരോ ഫയലിലും ഒളിച്ചിരിക്കുന്ന കള്ളത്തരങ്ങള്‍ പഠിച്ചു കഴിയുമ്പോള്‍, അത് പ്രതിനിധാനം ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ട അടവുകളുടെയും   തോലിക്കട്ടിയുടെയും കുറവും ഒക്കെയാണ്, അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്... പക്ഷെ ഒരിക്കല്‍ പോലും എന്‍റെ പ്രാര്‍ത്ഥനകള്‍ എത്തേണ്ടിടത്ത് എത്തിയിരുന്നില്ല... അങ്ങനെസന്തോഷവും  അഭിമാനവുമൊക്കെ പോയി, പകരം എന്‍റെ തൊഴിലിനേയും, വിധിയെയും, ശപിച്ചുകൊണ്ട് മുള്‍മുനയില്‍ ഓരോ ദിവസവും ഞാന്‍ തള്ളി നീക്കി...
  
"തന്‍റെ കേസിനൊരു സാക്ഷിയെ കിട്ട്വോ രാജാ?" എന്ന് മേനോന്‍ സാര്‍ ഒരു കേസിലെ കക്ഷിയോടു ചോദിക്കുന്നത് കേട്ടു കൊണ്ടാണ് ഒരു ദിവസം ഞാന്‍ ഓഫിസിലേക്കു കയറി ചെല്ലുന്നത്.

"അതിപ്പോ സാറെ... അത് ബുദ്ധിമുട്ടാ... എതിര്‍ കക്ഷിയുടെ വീടല്ലാതെ എന്‍റെ പറമ്പിന്‍റെ അരികില്‍ ഉള്ളത് ഒരു മാധവനാ, പുള്ളിക്കാരനും കുടുംബവും രണ്ടു ദിവസം  സ്ഥലത്ത് ഇല്ലായിരുന്നു." തെല്ലു സങ്കടത്തോടെ രാജന്‍ പറഞ്ഞു. 

"ഈ 'മാധവന്‍'‍ എന്നു പറയുന്ന ആളെങ്ങനെയാ തന്നോട്... കൂറുള്ളോനാണോ?" സാറിന്‍റെ ചോദ്യം കേട്ടതും രാജന് ആവേശമായി, "പിന്നേ... അതിനു സംശയോന്നൂല്ല സാറേ, ആള്‍ക്ക് നമ്മുടെ എതിര്‍ കക്ഷി സുരേഷിനെ കണ്ണെടുത്താ കണ്ടൂടാ..."


"അയാള് തനിക്കു വേണ്ടി ഒന്ന് കോടതില് വന്നു സാക്ഷി പറയ്വോ രാജാ?" വളരെ ലാഘവത്തോടെ ആയിരുന്നു സാറിന്‍റെ ചോദ്യം.


"അതിപ്പോ സാറേ... അയാള് ഒന്നും കണ്ടിട്ടില്ലല്ലോ... പിന്നെങ്ങനെയാ സാക്ഷിയാവാന്‍ സമ്മതിക്ക്യാ... എന്നാലും ഞാനൊന്നു ചോദിക്കട്ടെ..." രാജന്‍ വെപ്രാളപ്പെട്ട് മൊബൈലില്‍ നമ്പര്‍ തപ്പിക്കൊണ്ടു പുറത്തേക്കു പോയി. 

എനിക്കൊരു ചെറിയ ഞെട്ടല്‍ ഉണ്ടാവാതിരുന്നില്ല.  'കള്ള സാക്ഷിയെ കൊണ്ടുവരാനല്ലേ സാറ്  പറയുന്നത്! ഇങ്ങനൊക്കെ നടക്കുമെന്ന് കേട്ടിട്ടുണ്ട്, സിനിമയിലൊക്കെ കണ്ടിട്ടും ഉണ്ട്. പക്ഷെ ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന ഓഫീസില്‍ ഇങ്ങനൊക്കെ നടക്കുമോ? സാറിന്‍റെ ചോദ്യം കേട്ടാല്‍ ഇതൊക്കെ സാധാരണ സംഭവം പോലുണ്ട്! എല്ലാ ഓഫിസിലും ഇങ്ങനൊക്കെ ആയിരിക്കും.' ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. 

പത്തുമിനുറ്റ്‌ കഴിഞ്ഞപ്പോള്‍ "മാധവന് സമ്മതമാണ്, എന്ന് വരാന്‍ പറയണം?" എന്നും ചോദിച്ചു കൊണ്ട് രാജന്‍ തിരികെ വന്നു. 

"എങ്കില്‍ ഈ ശനിയാഴ്ച അയാളെ കൂട്ടി വന്നോള്ളൂ, അപ്പോള്‍ എല്ലാം പഠിപ്പിച്ചു കൊടുക്കാനും അഫിഡവിറ്റ് എഴുതാനുംഒക്കെ സമയം കിട്ടും. അടുത്ത തിങ്കളാഴ്ച തന്നെ സാക്ഷി പട്ടിക ഫയല്‍ ചെയ്യാം." സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കു ഒരുപാടുസങ്കടം വന്നു 'ഞാന്‍ ഇല്ലാത്തപ്പോള്‍ വന്നാല്‍ കള്ളസാക്ഷിയെ പഠിപ്പിക്കുന്നത്‌ എനിക്കെങ്ങിനെ കാണാന്‍ പറ്റും? എന്നാലുംകേസിന്‍റെ അന്ന് കാണാമല്ലോ' എന്ന് ഞാന്‍ സമാധാനിച്ചു.  


ഒരു മാസം കഴിഞ്ഞായിരുന്നു രാജന്‍റെ കേസിന്‍റെ അടുത്ത പോസ്റ്റിംഗ്. അന്ന് രാവിലെ ഞാന്‍ നേരത്തെ എത്തി, ആ കേസ് ഫയല്‍ വായിച്ചു. മിക്ക കേസ്സുകളിലെയും പോലെ അതിര്‍ത്തി തര്‍ക്കം തന്നെ 
വിഷയം. ഫയല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ രാജന്‍റെ ഭാഗത്താണ് ന്യായം എന്നെനിക്കു തോന്നി. കേസ് നടന്നുകൊണ്ടിരിക്കെ, കമ്മീഷന്‍ വച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവായ ശേഷമാണു എതിര്‍കക്ഷി അതിര്‍ത്തിക്കല്ല് മാറ്റി കുഴിച്ചിട്ടത്. രാജന്‍ അത് കണ്ടുപിടിച്ചത് അളവ് കഴിഞ്ഞായിരുന്നു. അതുകൊണ്ട് കല്ല് മാറ്റി കുഴിച്ചിട്ടതിനു ഒരു സാക്ഷി ഉള്ളത് കേസിന്‍റെ വിജയത്തിന് അത്യാവശ്യമാണെന്നു എനിക്കും തോന്നി. കള്ളസാക്ഷിയെങ്കില്‍ കള്ളസാക്ഷി, സത്യം ജയിക്കാനല്ലേ?മാര്‍ഗം വിഷയമല്ല... എന്തായാലും ആ പാവം രാജനെ പറ്റിച്ച എതിര്‍ കക്ഷിയെ അങ്ങനെ വെറുതെ വിടരുത്. ഞാന്‍ എല്ലാത്തിനെയും സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു. 

അധികം വൈകാതെ രാജനും കൂടെ കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരാളും വന്നു. അയാളെ കണ്ടപ്പോള്‍ എനിക്കതിശയമായി... 'ഇതോ രാജന്‍ പറഞ്ഞ മാധവന്‍! കണ്ടാല്‍ രാജനെക്കാള്‍ പാവത്താന്‍.' ഒരു കള്ളസാക്ഷിക്ക് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന രൂപത്തിന്‍റെ ഏഴയലത്ത് വരില്ലായിരുന്നു  ആ വന്ന മനുഷ്യന്‍! 

"മാധവന്‍ എത്തിയോ?  പേടിയൊന്നും ഇല്ലല്ലോ അല്ലെ?"  അയാളെ കണ്ടതും സര്‍ ചോദിച്ചു.  

"ഏയ് ഇല്ല" എന്ന് പറഞ്ഞുവെങ്കിലും ആ മുഖത്തെ അങ്കലാപ്പ് എല്ലാവര്‍ക്കും മനസിലാവുമായിരുന്നു. 

അയാളോട് ഇരിക്കാന്‍ ആഗ്യം കാണിച്ചിട്ട് സര്‍ പറഞ്ഞു " താന്‍ കണ്ട സംഭവം ഒന്നു പറഞ്ഞോളൂ "

"അയ്യോ സാര്‍...    സത്യമായും ഞാന്‍ ഒന്നും കണ്ടില്ല.  ഞാനന്ന് ഭാര്യ വീട്ടില്‍ ഉത്സവത്തിന്‌ പോയകാര്യം അന്ന് പറഞ്ഞത് സാറ് മറന്നോ?" അന്തം വിട്ടായിരുന്നു അയാളുടെ ചോദ്യം.

"ശ്ശേ...  ഇയാളിതെവിടുത്തുകാരനാ! ഞാന്‍ അന്ന് പഠിപ്പിച്ചു തന്നതൊക്കെ താന്‍ മറന്നോ? തന്നോടാരാ ഇവിടിപ്പോ സത്യം ചോദിച്ചേ?" സാറിന്‍റെ ദേഷ്യവും പുച്ഛവും കലര്‍ന്ന ചോദ്യം ആ പാവത്തിനെ വല്ലാതാക്കി. സര്‍ അഫിഡവിറ്റിന്‍റെ കോപ്പി അയാളുടെ കൈയ്യില്‍ കൊടുത്തിട്ട് ഒന്നൂടെ വായിച്ചു നോക്കാന്‍ പറഞ്ഞു. 

"ഇപ്പൊ തനിക്കെന്തെങ്കിലും ഓര്‍മ്മവന്നോ?" അയാളത്  വായിച്ചു തീരും മുന്‍പേ സര്‍ വീണ്ടും ചോദിച്ചു 
  
"ഉവ്വ് സാര്‍, എല്ലാം ഓര്‍മയുണ്ട്" അയാള്‍ വേഗം പറഞ്ഞു. "എങ്കില്‍ താന്‍ കണ്ട സംഭവം ഒന്ന് പറഞ്ഞോളൂ..." എന്ന് സര്‍. "സുരേഷ് അതിര്‍ത്തി കല്ല് ഇളക്കി മാറ്റുന്നതും, അത് രാജന്‍റെ പറമ്പിലേക്ക് കുറച്ചുകൂടി നീക്കി കുഴിച്ചിടുന്നതും ഞാന്‍ കണ്ടതാണ്." മാധവന്‍ പറഞ്ഞു. "എന്നാണു സംഭവം നടന്നതെന്ന് ഓര്‍മ്മയുണ്ടോ?" അടുത്ത ചോദ്യം. "കഴിഞ്ഞ ഏപ്രില്‍ ഇരുപതിന് രാത്രി പന്ത്രണ്ടു മണിക്ക്" പഠിച്ചത് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രതയോടെ ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു. അത് കേട്ടതും സര്‍ ഒച്ചവെച്ചു... "തന്നോട് എന്നാന്നല്ലേ ചോദിച്ചുള്ളൂ, എപ്പോളാണെന്നു ചോദിച്ചോ? ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി... പിന്നെ, കൃത്യം പന്ത്രണ്ടുമണി എന്നാണോ ഞാന്‍ പറഞ്ഞു തന്നത് ? ഒരു ഏകദേശ സമയം പോലെയേ പറയാവൂ... അതെന്താ ആ ഡേറ്റ്  ഇത്ര ഓര്‍മ്മ എന്നു ചോദിച്ചാല്‍ താന്‍ എന്താ പറയേണ്ടതെന്നു ഓര്‍മ്മയുണ്ടോ?" "അന്നെന്‍റെ മകന്‍റെ പിറന്നാള്‍ ആയിരുന്നു" മാധവന്‍ വിനയത്തോടെ പറഞ്ഞു.


പിന്നെയും കുറെയേറെ ചോദ്യങ്ങള്‍.... എല്ലാം ചോദിച്ചു കഴിഞ്ഞിട്ട്, അവസാനം ചോദ്യവും ഉത്തരങ്ങളും എഴുതിയ പേപ്പര്‍ കൊടുത്തിട്ട്     "ഒന്നൂടെ   ഒക്കെ പഠിച്ചോളൂ"   എന്നൊരു ഉപദേശവും സാര്‍ അയാള്‍ക്ക് കൊടുത്തു.  

ആദ്യമായി  കോടതിയിലെ മുന്‍നിരയില്‍ തന്നെ അന്ന്  ഞാന്‍ ഇരിപ്പുറപ്പിച്ചു. പിന്നില്‍ ഇരുന്നാല്‍ ആ സാക്ഷി പറയുന്നതൊക്കെ ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ! എന്‍റെ അതെ തോന്നല്‍ ഞങ്ങളുടെ ഓഫീസിലെ എല്ലാ  ജൂനിയേഴ്സിനുംതോന്നിക്കാണണം, അതാവും എല്ലാവരും മുന്‍ നിരകളില്‍ സ്ഥാനം പിടിച്ചത്... മറ്റു വക്കിലന്മാരൊക്കെ 'ഇതെന്തു പറ്റി '  എന്ന മട്ടില്‍ ഞങ്ങളെ നോക്കിക്കൊണ്ട്‌ പുറകില്‍ പോയിരുന്നു.

കോടതി തുടങ്ങി കഴിഞ്ഞും മാധവന്‍ സൈഡില്‍ നിന്ന് പറയാനുള്ള ഉത്തരങ്ങള്‍ കാണാതെ പഠിക്കുന്നത് കണ്ടപ്പോള്‍, അയാളത് കുളമാക്കുമോ എന്നെനിക്കു സംശയമായി...    മുന്‍ നിരയില്‍ തന്നെ വന്നിരുന്നും പോയി, കോടതി തുടങ്ങിയതു കൊണ്ട് എഴുന്നേറ്റു മാറാനും ധൈര്യം വന്നില്ല. 

കേസ് വിളിച്ചപ്പോള്‍ സാക്ഷിക്കൂട്ടിലേക്ക് കയറി നിന്ന മാധവന്‍ വിറയ്ക്കുന്ന പോലെ എനിക്കു തോന്നി. സത്യം ചെയ്യിപ്പിച്ച് പേരുവിവരങ്ങള്‍ ഒത്തു നോക്കിയ ശേഷം എതിര്‍ഭാഗം വക്കീല്‍ ചോദ്യങ്ങള്‍ തുടങ്ങി,


"താന്‍ കണ്ടു എന്ന് അഫിഡവിറ്റില്‍  പറയുന്ന സംഭവം ഒന്ന്      വിശദീകരിക്കാമോ? " 

ആദ്യ  ചോദ്യം  കേട്ടപ്പോള്‍  എനിക്കു സമാധാനമായി, സര്‍ പഠിപ്പിച്ച  ആദ്യ ചോദ്യം തന്നെ. ഉത്തരം പറഞ്ഞു കഴിഞ്ഞ് 'ശരിയായില്ലേ?' എന്ന ഭാവത്തില്‍ മാധവന്‍ ഞങ്ങളെ നോക്കി. ഞങ്ങളെല്ലാം അത് കാണാത്തപോലിരുന്നു. 

"സംഭവം നടന്ന ഡേറ്റ് ഓര്‍മ്മയുണ്ടോ?" വക്കിലിന്റെ അടുത്ത ചോദ്യം കേട്ടപ്പോള്‍  ഞാന്‍ അറിയാതെ  മേനോന്‍  സാറിനെ നോക്കിപ്പോയി...


സാറും  എതിര്‍ഭാഗം  വക്കീലും  തമ്മിലുള്ള  ഒത്തു കളിയാണോ എന്നുപോലും തോന്നിപ്പോകുന്ന പോലെയായിരുന്നു പിന്നീടുള്ള ഓരോ ചോദ്യങ്ങളും. സര്‍ പഠിപ്പിച്ച ചോദ്യങ്ങള്‍ അതേപടി ക്രമം തെറ്റാതെ എതിര്‍ഭാഗം ചോദിച്ചു കൊണ്ടിരുന്നു. ഓരോ ഉത്തരവും പറഞ്ഞ ശേഷം മാധവന്‍ ഞങ്ങളെ നോക്കുന്നതും ഞങ്ങള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നതും തുടര്‍ന്ന് കൊണ്ടും ഇരുന്നു. 

"ഇനി ഒരു ചോദ്യം കൂടി " എന്ന് പറഞ്ഞു വക്കീല്‍ ചോദിച്ചു... "ഇതെല്ലാം നിങ്ങള്‍ സുഹൃത്തായ രാജന് വേണ്ടി കള്ളം പറയുന്നതല്ലേ?" "അല്ല" ഉറച്ച ശബ്ദത്തില്‍ മാധവന്‍റെ മറുപടി കിട്ടി. അതു കേട്ടപ്പോള്‍ അയാളുടെ ആദ്യത്തെ  പേടിയൊക്കെ പോയെന്നെനിക്ക് തോന്നി... അത്രയും നേരം ശ്വാസം അടക്കി പിടിച്ചിരുന്ന ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു. 

സാക്ഷിയുടെ ആദ്യത്തെ പേടി കണ്ടപ്പോള്‍ അയാളില്‍ നിന്നും എന്തെങ്കിലും വീണു കിട്ടിയേക്കാം എന്ന് എതിര്‍ഭാഗം വക്കീല്‍ പ്രതീക്ഷിച്ചു കാണും... തിരിച്ചും മറിച്ചും ചോദിച്ചതൊക്ക വെറുതെയായതിന്‍റെ   നിരാശയോടെ അദ്ദേഹം സീറ്റിലേക്ക് നടന്നു. ഞാന്‍ ഒരാരാധനയോടെ സാറിനെ നോക്കി. ആ മുഖത്തു ചെറിയൊരു അഹങ്കാരം ഉള്ളത് പോലെ... അത് കണ്ടപ്പോള്‍ എന്‍റെ മനസിലും ആ അഹങ്കാരം വന്നു... 'ഹും.. ഞങ്ങളുടെ സാറിനോടാ കളി!' 

സീറ്റിലേക്കു  നടന്നു തുടങ്ങിയ എതിര്‍ഭാഗം വക്കീല്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചു വന്നു സാക്ഷിയോട് ചോദിച്ചു, "ഇതൊക്കെ പറയാന്‍ നിങ്ങളെ ആരാ പഠിപ്പിച്ചു തന്നത് ? " 

മറുപടി പറയാന്‍ സാക്ഷി മാധവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടായിരുന്നു.... "മേനോന്‍ സാറ് "                                                                           
                            "ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍"  


പറഞ്ഞതും ഒരു കള്ള ചിരിയോടെ, എതിര്‍ഭാഗം വക്കീല്‍ സാറിനെ നോക്കിയിട്ട്,  ഒരു വിജയ ഭാവത്തോടെ  സീറ്റിലേക്കു നടക്കുമ്പോള്‍, അകമ്പടിയായി ഒരു കൂട്ടച്ചിരി ആ കോടതി മുറിയില്‍ ഉയര്‍ന്നിരുന്നു... പറഞ്ഞത് അബദ്ധമായി പോയെന്നു മനസിലായ മാധവന്‍,  പിന്നെ ഞങ്ങളെ നോക്കിയേ ഇല്ല.


എനിക്കീ  സാക്ഷിയെ അറിയില്ല,  ഞാന്‍  ഈ മേനോന്‍ സാറിന്‍റെ ഓഫിസിലേ അല്ല, എന്ന മട്ടില്‍ ഇരിക്കാന്‍ ഞാന്‍ വൃഥാ ഒരു ശ്രമം നടത്തി. ഞങ്ങള്‍ ജൂനിയേഴ്സ് എല്ലാം തല കുമ്പിട്ടു ഇരുന്നപ്പോള്‍ സാര്‍ പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു പറഞ്ഞു...

                          " ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ "  


"ഈ സാറിനു മിണ്ടാതിരുന്നു കൂടെ ഇനിയെന്ത് ഒബ്ജക്ഷന്‍!" ഞാന്‍ അടുത്തിരുന്ന  വക്കീലിനോട് പിറുപിറുത്തു. സാര്‍ സാക്ഷിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "താങ്കളുടെ അവസാനത്തെ ഉത്തരം വ്യക്തമല്ല" കോടതി വീണ്ടും നിശബ്ദമായി. ഇതില്‍ കൂടുതല്‍ എന്ത് വ്യക്തമാക്കാന്‍ എന്ന മട്ടില്‍ ജഡ്ജി അടക്കം എല്ലാവരും സാറിനെ നോക്കി. സാര്‍ തുടര്‍ന്നു...  " എല്ലാം പറയാന്‍ പഠിപ്പിച്ചത് മേനോന്‍ സാര്‍ ആണെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ, തൃശൂര്‍ തന്നെ ഹരിദാസ മേനോന്‍, രാജീവ്‌ മേനോന്‍, തുടങ്ങി എത്രയോ മേനോന്മാരുണ്ട്, ഹൈകോര്‍ട്ടിലും മറ്റു കോടതികളിലും ആയി ഒരുപാടുണ്ട് മേനോന്മാര്‍, ഇതില്‍ ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?‍" സാക്ഷി  മിണ്ടുന്നില്ല...
"എം ആര്‍ മേനോന്‍, അതായതു മേലേടത്ത് രാഘവ മേനോന്‍ എന്ന, എന്നെ ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?" സാര്‍ ദഹിപ്പിക്കും പോലെ മാധവനെ നോക്കി... മറ്റു വഴിയില്ലാതെ മാധവന്‍ പറഞ്ഞു...  "അല്ല" അയാളുടെ ശബ്ദം, നിശബ്ദമായ ആ കോടതിയില്‍ മുഴങ്ങി. 

ഞാന്‍ തരിച്ചിരുന്നുപോയി, ആരും വിശ്വസിക്കാത്ത അങ്ങനൊരു നുണ ആ പാവം സാക്ഷിയെകൊണ്ട് പറയിപ്പിച്ചിട്ട് എന്ത് ഫലം! ഞാന്‍ എതിര്‍ഭാഗം വക്കീലിനെ നോക്കി, ഒരു ഒബ്ജക്ഷന്‍ അവിടെനിന്നും  ഉണ്ടാവും  എന്നു കരുതിയ എനിക്കു തെറ്റി... അദ്ദേഹത്തിനു ഒരു കുലുക്കവും ഇല്ല. ഞാന്‍ വേഗം ജഡ്ജിയെ നോക്കി, ആ മുഖത്തു അതിശയിപ്പിക്കുന്ന  ഒരു ചിരി മാത്രം! 


ആ പാവത്തിനെ കൊണ്ട്  കള്ളങ്ങള്‍ പറയിപ്പിച്ചതോര്‍ത്തിട്ടോ... അല്ലെങ്കില്‍ സാക്ഷി പറഞ്ഞു കൂട്ടിയതെല്ലാം അവസാനം ഒറ്റ ചോദ്യം കൊണ്ട് പൊളിച്ചടുക്കിയ എതിര്‍ഭാഗം വക്കീലിന്‍റ സാമര്‍ത്ഥ്യം ആലോചിച്ചോ... അതോ, ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെ, പറഞ്ഞു  ജയിക്കാന്‍ വേണ്ടി  മാത്രം  മേനോന്‍  സാര്‍ ഉപയോഗിച്ച അടവ്  ഓര്‍ത്തിട്ടോ...
എന്തിനായിരിക്കും  അദ്ദേഹം ചിരിച്ചത്???