Monday, February 21, 2011

മറുപടി നോട്ടീസ്

സ്റ്റോപ്പില്‍  നിറുത്താതെ   പോകുന്ന  ബസ്സുകള്‍ , ട്രാഫിക് ബ്ലോക്ക്‌ , റോഡിന്‍റെ  ദയനീയാവസ്ഥ .....എന്തിനധികം  പറയുന്നു  അന്ന് വൈകിയാണ്  ഓഫീസില്‍ എത്തിയത്.  കുടുംബ കോടതിയില്‍,  ജയശ്രീ വക്കീലിന്‍റെ  ജൂനിയര്‍  ആയി   പ്രാക്ടീസ് തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നത്തെ ഉള്ളു.  മാഡം എന്ത് വിചാരിക്കുമോ ആവൊ ...

രണ്ടുമൂന്നു പേര്‍ ദേഷ്യപ്പെട്ടു  ഇറങ്ങിപ്പോകുന്നതും കണ്ടുകൊണ്ടാണ് ഞാന്‍  ഓഫീസിലേക്ക് കയറുന്നത്.  ഈശ്വരാ ശകുനപ്പിഴയാണല്ലോ.....

"ഓരോരുത്തര്  രാവിലെ വന്നോളും മനുഷ്യരെ മിനക്കെടുത്താന്‍ ..." പോയവരെ നോക്കി മാഡം പിറുപിറുക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു "എന്തുപറ്റി ? ആരാ വന്നത്? "   മറുപടി ദേഷ്യത്തിലായി രുന്നു .   " ആ പെങ്കൊച്ചിന്‍റെ  കെട്ടിയവന്‍  അവളെ ഒന്ന് തല്ലിയത്രെ ...അവന്‍റെ  അച്ഛനോട് തര്‍ക്കുത്തരം പറഞ്ഞതിന്.  ആ വാശിക്ക് പെണ്ണ് വീട്ടുകാരെയും വിളിച്ചോണ്ട് വന്നിരിക്കുന്നു വിവാഹമോചനം കിട്ടുമോന്നറിയാന്‍ ....   ഇതൊക്കെ നമുക്ക് പറഞ്ഞു തീര്‍ക്കാവുന്നതല്ലേ  ഉള്ളു,  വെറുതെ പ്രശ്നമാക്കണോ എന്ന് ഞാന്‍ അറിയാതെ ചോദിച്ചു പോയി  അതിനാ വേറെ വക്കീലമ്മാരുണ്ടോന്നു നോക്കട്ടെന്നും പറഞ്ഞു  ഇറങ്ങിപ്പോയത്."             മാഡം ഒന്ന് നിറുത്തി     "എനിക്കും 2 ആണ്‍കുട്ടികളാ ഇങ്ങനാണേല്‍ അവരുടെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ വല്ല വൃദ്ധ സദനത്തിലും  പോകും ".. മാഡത്തിന്‍റെ ദേഷ്യം തീരുന്നില്ല ...
"എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയാവില്ലല്ലോ മാഡം..."   ഞാനൊന്നു തണുപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റമട്ടില്ല .... എന്നാലും ഈ ചൂടില്‍ എന്‍റെ   വൈകി വരവ് ശ്രദ്ധിക്കാതെ പോയതിന്‍റെ ആശ്വാസത്തിലായിരുന്നു  ഞാന്‍.

സീറ്റില്‍ ഇരുന്നപ്പോളെക്കും അതാ മറ്റൊരു അച്ഛനും മോളും. ഭര്‍ത്താവയച്ച വക്കില്‍ നോട്ടീസുമായാണ് വരവ്.  എന്‍റെ  നേരെ നീട്ടിയ നോട്ടീസ് ഞാന്‍ ഉറക്കെ  വായിച്ചു.   ഭര്‍ത്താവിന്‍റെ  വീട്ടില്‍  ഒട്ടും  അഡ്ജസ്റ്റ് ചെയ്യാത്ത ഭാര്യയെക്കുറിച്ചുള്ള പരാതികളായിരുന്നു  അത് നിറയെ.  എപ്പോളും മുറിയടച്ചിരിക്കും,  കഴിക്കാന്‍ നേരത്ത് മാത്രം അടുക്കള ഭാഗത്ത്‌ പ്രത്യക്ഷ പ്പെടുന്ന മരുമകളെ നോക്കി അമ്മ ഒന്ന് മുഖം കറുപ്പിച്ചാല്‍ അത് അമ്മായിയമ്മ പോരായി ...    പിന്നെ വീട്ടില്‍ വിളിച്ചു കരച്ചിലും ഭര്‍ത്താവു വരുമ്പോള്‍ പറഞ്ഞു സ്വൈര്യം കെടുത്തലും ഒക്കെ കുറെ കാലമായി അയാള്‍ സഹിക്കുകയായിരുന്നുവത്രേ,   അവസാനം അവന്‍റെ ശമ്പളം ഒന്നിനും   തികയുന്നില്ല,  അവളുടെ ഗള്‍ഫിലുള്ള സഹോദരന്‍ വഴി   അവിടെ   ജോലി   ശരിയാക്കാം,   അല്ലെങ്കില്‍ അവളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ പോകാം   എന്നൊക്കെയുള്ള ആവശ്യ ങ്ങള്‍ക്ക് ചെവികൊടുക്കാതെ വന്നപ്പോള്‍ പുള്ളിക്കാരി സ്വന്തം വീട്ടിലോട്ടു പോന്നതാണ്. തിരിച്ചു ചെല്ലാതായപ്പോള്‍ അയച്ചതാണീ നോട്ടീസ്.

വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചിട്ട്  'ഭര്‍ത്താവിന്‍റെ വീട്ടില്‍ പോടീ' എന്ന്  പറയാനാണ് എനിക്ക് തോന്നിയത്. 

പക്ഷേ നമ്മള്‍ 2 ഭാഗവും കേട്ടില്ലല്ലോ ... മാത്രമല്ല ഇത് ഒരു വക്കീല്‍ ഡ്രാഫ്റ്റ്‌ ചെയ്തതല്ലേ ... അതുകൊണ്ടൊക്കെയാവും 20 വര്‍ഷത്തോളം പ്രാക്ടീസ് ഉള്ള  മാഡം അവരോടു "ഇതില്‍ വല്ല സത്യവും ഉണ്ടോ " എന്ന് ചോദിച്ചത് . മറുപടി പറഞ്ഞത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു . " വക്കീലിനറിയോ മോള്‍ അടുക്കള്ലേല്‍ കയറി എന്ത് ചെയ്താലും കളിയാക്കലാ.... പിന്നെ മുറി അടച്ചിരിക്കുകയല്ലാതെ എന്തുചെയ്യാനാ ?   അവള്‍ക്കു അടുക്കളപ്പണി ഒന്നും വല്യ വശമില്ല . മീനിലിടാന്‍ പുളി എടുത്തു കൊടുത്തത് വാളന്‍ പുളിയായിപ്പോയി ... അതിനൊക്കെ കളിയാക്കണോ? പറഞ്ഞു കൊടുത്താല്‍ പോരേ... കുടംപുളീം വാളന്‍പുളീം തമ്മിലുള്ള വെത്യാസം വല്ലതും മോള്‍ക്കറിയുമോ?" 

'മോള്‍ക്ക്‌ പിന്നെ എന്താ അറിയ്യ' എന്‍റെ മനസിലെ സംശയത്തിനു പിന്നീടുള്ള അയാളുടെ വാക്കുകളില്‍ മറുപടിയുണ്ടായിരുന്നു. 

"വക്കീലിനറിയോ ഇവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു. പിന്നെ ഡിഗ്രി കഴിയും മുന്‍പേ കല്യാണം ശരിയായത് കൊണ്ട് പടിപ്പു നിന്നു. ടീച്ചര്‍സിനോക്കെ മോളെ എന്തിഷ്ട്ടമായിരുന്നു ...അച്ഛന്‍ വാചാലനായി ...ഡാന്സിലും പാട്ടിലും ഒക്കെ ഫസ്റ്റ് ആയിരുന്നില്ലേ...."

'അതുകൊണ്ടൊക്കെ എന്ത് കാര്യം നിങ്ങളിവളെ ജീവിക്കാന്‍ പഠിപ്പിച്ചില്ലല്ലോ..' ഇതുതന്നെ ആണോ ഇപ്പൊ മാഡവും ചിന്തിക്കുന്നത്? ഞാന്‍ ഇടംകണ്ണിട്ടു നോക്കി..ആ     മുഖത്ത്‌ ഗൌരവം മാത്രം.

അയാള്‍ ‍ പറഞ്ഞു കൊണ്ടേ ഇരുന്നു... "അവന്‍ ഒറ്റ മോനാ ... അതുകൊണ്ട് വേറെ വീടെടുത്ത് മാറി താമസം ഒന്നും നടക്കില്ലാ... ഇവള്‍ക്ക്  അവിടെ   അഡ്ജസ്റ്റ് ചെയ്യാനും പറ്റുന്നില്ല.  അതുകൊണ്ടാ അവനോടു ഗള്‍ഫില്‍ പോകാന്‍ ഞാന്‍ പറഞ്ഞത് അപ്പോള്‍ അവള്‍ക്കും  കൂടെ പോകാമല്ലോ...    അതിനു സമ്മതിക്കണ്ടേ ...എന്നാ പിന്നെ ഞങ്ങളുടെ കൂടെ വന്നു നിക്കാന്‍ പറഞ്ഞു നോക്കി ഒരു രക്ഷയും ഇല്ലാ ... സഹികെട്ട് മോള്‍ തന്നെ വീട്ടിലേക്കു പോന്നു. കുറച്ചു ദിവസം കാണാതിരുന്നാല്‍ അവന്‍ വരുംന്നാ ഞങ്ങള്‍ കരുതിയത്‌ . പക്ഷേ ദാ ഈ നോട്ടീസ് ആണ് വന്നത്. ഇനിയിപ്പോ ഞങ്ങളും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലാ..കേസേങ്കില്‍ കേസ്..."   അയാള്‍ പറഞ്ഞു നിറുത്തി .

"ഇതിനിപ്പോള്‍ ഒരു മറുപടി നോട്ടീസ് അയക്കുകയാണ് വേണ്ടത്. കേസൊക്കെ അത് കഴിഞ്ഞല്ലേ..... പക്ഷേ മോള്‍ വീട്ടില്‍ നിന്നും   ഇറങ്ങിപ്പോന്നതിനു    തക്ക കാരണം കാണിക്കണം, എന്നാലേ കേസായാല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവൂ... നിങ്ങളീ പറഞ്ഞതൊന്നും തക്കതായ കാരണങ്ങളല്ല,"    മാഡം ഒന്ന് നിറുത്തി ...
"അവന്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടോ?"
പെണ്കുട്ടിയോടായിരുന്നു ചോദ്യം ... "ഒരിക്കല്‍ തല്ലാന്‍ കൈ ഓങ്ങിയിട്ടുണ്ട്"
ഒന്നാലോചിച്ച ശേഷം  അവള്‍ പറഞ്ഞു.   "ഞങ്ങള്‍ ഒരു ഈര്‍ക്കിലി കൊണ്ടുപോലും മോളെ തല്ലിയിട്ടില്ല." അച്ഛന്‍ ഇടയ്ക്കു കയറി .....
"അവനെന്തെങ്കിലും ദു :ശീലങ്ങള്‍ ....? മദ്യപാനമോ... പരസ്ത്രീബന്ധമോ.... അങ്ങിനെ എന്തെങ്കിലും..?"   മാഡം ആ കുട്ടിയുടെ മുഖത്ത്‌ നോക്കി...     "കമ്പനിയില്‍  പാര്‍ടി ഉള്ളപ്പോള്‍ കുടിച്ചിട്ട് വരാറുണ്ട് ............. പിന്നെ പരസ്ത്രീബന്ധം.......ഏയ്..... ഹരിക്ക് അങ്ങനെ ആരോടും .............ആ........ പിന്നെ പ്രൊജക്റ്റ്‌ മാനേജര്‍ ആണെന്ന് പറഞ്ഞു ഒരു സ്ത്രീ ഇടയ്ക്കു മൊബൈല്‍ ലേക്ക് വിളിക്കാറുണ്ട്, അല്ലാതെ ......"
ഉം ..മാഡം ഒന്നമര്‍ത്തി മൂളി .
ഉപദേശിച്ചു വിടുമായിരിക്കും ....ഇവരും വഴക്ക് പറഞ്ഞു ഇറങ്ങിപ്പോകുന്നത് കാണേണ്ടി വരുമോ ? ഞാന്‍ ഇന്നാരെയാണ്  കണി കണ്ടത് ? എന്‍റെ ചിന്തകള്‍ കാട് കയറും  മുന്‍പേ  മാഡത്തിന്‍റെ വാക്കുകള്‍ ....
"വക്കാലത്ത് ഒപ്പിട്ടു തന്നിട്ട് പോയിക്കോളു..മറുപടി നോട്ടീസ് ഞാന്‍ ഡ്രാഫ്റ്റ്‌ ചെയ്തു വച്ചേക്കാം. നാളെ രാവിലെ കോടതി തുടങ്ങും മുന്‍പ് വന്നാല്‍ നമുക്ക് അതയക്കാം."

എനിക്കൊന്നും മനസിലാവുന്നില്ല ...എന്‍റെ സംശയം അവര്‍ പോയ ഉടനെ മാഡത്തെ അറിയിച്ചു ... "ഞാന്‍  കരുതി നമ്മള്‍ ആ കേസ് എടുക്കില്ലാ ....."
എന്‍റെ ചോദ്യം പൂര്‍ത്തിയാവും മുന്‍പ്  മറുപടി വന്നു .
"പിന്നെ നമ്മള്‍ എന്ത് ചെയ്യാനാ, ഉപദേശിച്ചാല്‍  ഇവരും   പോയി   വേറെ   വക്കീലിനെ കണ്ടു കേസ് കൊടുക്കും. ഞാന്‍ ഈ ഓഫീസ് പൂട്ടി വേറെ ജോലിക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല... കുറെ കോടതി കയറി ഇറങ്ങുമ്പോള്‍ ഇവളുമാരോക്കെ പഠിച്ചോളും... ഇതിലും ഭേദം അവന്‍റെ കൂടെ   ജീവിക്കുന്നതാണെന്ന് മനസിലാക്കി ഒത്തുതീര്‍പ്പിന് വന്നോളും ..."  പറഞ്ഞു തീര്‍ന്നതും  മാഡം കോടതി യിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. 

 "വേഗം വാ  ലേറ്റ് ആയാല്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല നില്‍ക്കേണ്ടി വരും" എന്നോടായി പറഞ്ഞു.  ശരിയാ ... ആകെ 5 ബെഞ്ച്‌ മാത്രമുള്ള ആ കോടതി മുറിയില്‍ തിക്കി തിരക്കി നില്‍ക്കാനുള്ള ബുദ്ധിമുട്ടാലോചിച്ചപ്പോള്‍  ഞാനും വേഗം ഇറങ്ങി നടന്നു.  

ഉച്ചകഴിഞ്ഞ് മാഡത്തിന്‍റെ കേസ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ കോടതിയില്‍ പോയില്ല .എന്തൊക്കെയോ എഴുതിക്കുത്തി വച്ചിട്ട് മാഡം നേരത്തേ വീട്ടില്‍ പോയി. ശങ്കരേട്ടന്‍  ലീവ് ആയതു കൊണ്ട് ഒരു താക്കോല്‍ എന്നെ   ഏല്‍പ്പിച്ചിട്ടാണ് പോയത് . വൈകിട്ടു പൂട്ടി ഇറങ്ങാന്‍ വേണ്ടി   എഴുന്നെറ്റപ്പോളാണ് മാഡത്തിന്‍റെ മേശപ്പുറത്തിരുന്ന മറുപടി നോട്ടീസ്  ശ്രദ്ധയില്‍പെട്ടത്.                                          ഓ ...അപ്പോള്‍ ഇതായിരുന്നു എഴുതിക്കൊണ്ടിരുന്നത്. നാളെ അയക്കാനുളളതാണല്ലോ... ഞാന്‍ അതിലെ വരികളിലൂടെ കണ്ണോടിച്ചു .
'.................. മദ്യപാനിയായ ഹരിഹരന്‍  എന്ന നിങ്ങളുടെ   കക്ഷിയും   ടിയാളുടെ അമ്മയും കൂടി എന്‍റെ കക്ഷിയെ ശാരീരിക മായി പീഡിപ്പിക്കുമായിരുന്നിട്ടും അവള്‍ അവിടെ എല്ലാം സഹിച്ചു കഴിഞ്ഞു കൂടുകയായിരുന്നു ... സ്വന്തം ഭര്‍ത്താവിന്‍റെ  പരസ്ത്രീബന്ധം  അറിഞ്ഞതോടെ   മാനസികമായി   തളര്‍ന്ന എന്‍റെ   കക്ഷി ആ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു പോരുകയായിരുന്നു . നാളിതുവരെയായിട്ടും ഒന്ന് ഫോണ്‍ ചെയ്തു അന്വേഷിക്കുക  പോലും  ചെയ്യാത്ത നിങ്ങളുടെ കക്ഷിയെ............................................  ....................................................................................................................................................'

ഈശ്വരാ  എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ????? 





  

Tuesday, February 8, 2011

ഇത് എന്‍റെ ലോകമല്ല

സൗമ്യ എന്ന പാവം പെണ്‍കുട്ടിയുടെ മരണം ഒരു ഞെട്ടലോടെ അല്ലാതെ ഒരു മനുഷ്യനും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല . എന്നാല്‍ അതിലും ഞെട്ടലുണ്ടാക്കിയത് മാതൃഭൂമി സ്പെഷ്യല്‍ ന്യൂസ്‌ വായിച്ചപ്പോളാണ്.........
 (Mathrubhumi Special News നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു )

ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചായിപ്പോയ സൗമ്യ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നതും   കമ്പാര്‍ട്ടുമെന്റില്‍നിന്ന്   അക്രമി   പെണ്‍കുട്ടിയെ   തള്ളിയിടുന്നതും  അയാള്‍  കൂടെ ചാടുന്നതും  ചിലര്‍ കണ്ടിരുന്നുവത്രേ !!!
എന്നിട്ടും  ഇങ്ങനെയൊക്കെ  സംഭവിച്ചോ ??? അതും  ആവശ്യമുള്ളിടത്തും  ഇല്ലാത്തിടത്തും  ഒക്കെ  കയറി ഇടപെടുന്ന ജനങ്ങള്‍ ഉള്ള നമ്മുടെ കേരളത്തില്‍ ..........
വിശ്വസിക്കാന്‍ ആവുന്നില്ല .  യാത്രക്കാരുടെ കൂട്ടത്തില്‍ മനുഷ്യത്വം ഉള്ള ഒരാള്‍ പോലും ഉണ്ടായിരുന്നില്ലേ ?    ഇങ്ങനെ ഒരു സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നത് ? പേടിയാകുന്നു ...........
ടി. വി. ചന്ദ്രന്‍റെ  'കഥാവശേഷ'നിലെ ഗോപിനാഥനെപ്പോലെ  ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിപ്പോകുന്നു.
"ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേടുകൊണ്ട് "........


"यहाँ पर मौत की सयों का डेरा हे ........
यहाँ पर बस अँधेरा ही अँधेरा है ..........
ये दुनिया, मेरी दुनिया तो नहीं है ...  (Lyricist- Gouhar Rasa )